കൊളംബോ പി. സാറ ഓവല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ ഫൈനലില്‍ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടിയത്
കൊച്ചി: കാഴ്ചപരിമിതര്‍ക്കായുള്ള ആദ്യ വനിതാ ടി20 വേള്‍ഡ് കപ്പില്‍ ഇന്ത്യ കിരീടം നേടി. കൊളംബോ പി. സാറ ഓവല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ ഫൈനലില്‍ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടിയത്. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിനു 114 റണ്‍സെടുത്തു. 38 പന്തില്‍ 34 നേടിയ സരിത, 26 പന്തില്‍ 26 റണ്‍സ് നേടിയ ബിമല റായ് എന്നിവരുടെ മികവിലാണ് നേപ്പാള്‍ 114 റണ്‍സെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ജമുന റാണി തുഡു, അനു കുമാരി തുടങ്ങിയവര്‍ ഓരോ വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 12.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഫുല സരണ്‍ 27 പന്തില്‍ 44 റണ്‍സും, കരുണ കുമാരി 27 പന്തില്‍ 42 റണ്‍സും നേടി ഇന്ത്യയുടെ വിജയം എളുപ്പമാക്കി. ഫുല സരണ്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ശ്രീലങ്കന്‍ പ്രധാനമന്ത്രി ഡോ.ഹരിണി അമരസൂര്യ, ലോകകപ്പ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍ മീനാക്ഷി ലേഖി, ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ചെയര്മാന് ഡോ. മഹന്ദേഷ്, പ്രസിഡന്റ് ബൂസ് ഗൗഡ, വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ (WBCC) സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

