ചേര്‍ത്ത് പിടിച്ചവര്‍ക്ക്  ഹൃദയത്തില്‍ നിന്ന്  നന്ദി…;  ആശുപത്രിക്കിടക്കയില്‍ നിന്ന് പ്രതികരണവുമായി ആവണി 

സ്‌പൈന്‍ ശസ്ത്രക്രിയക്ക് ശേഷം ആവണിയെ തുടര്‍ചികിത്സക്ക് മുറിയിലേക്ക് മാറ്റിയിരുന്നു.
കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തിലും നൊമ്പരങ്ങളിലും ചേര്‍ത്തുപിടിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിയുടെ ആദ്യ പ്രതികരണം.എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് ആവണി വ്യക്തമാക്കി. ആപത്തില്‍ ചേര്‍ന്നുനിന്ന ഭര്‍ത്താവ് ഷാരോണ്‍ ആത്മവിശ്വാസം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു.അപകടത്തിന് ശേഷം ആദ്യമായി വിപിഎസ് ലേക്‌ഷോറിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വഴി പ്രതികരിക്കുകയായിരുന്നു ആവണി. സ്‌പൈന്‍ ശസ്ത്രക്രിയക്ക് ശേഷം ആവണിയെ തുടര്‍ചികിത്സക്ക് മുറിയിലേക്ക് മാറ്റിയിരുന്നു. എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോറിനെ കുടുംബത്തോടൊപ്പം ചേര്‍ത്തുപിടിക്കുകയാണെന്ന് ആവണി പറഞ്ഞു.

ചികിത്സ സൗജന്യമാക്കിയതിന്  ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും ഇവിടുത്തെ ഓരോരുത്തരും നല്‍കിയ പിന്തുണകള്‍ക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. സ്പര്‍ശനമറിയാതെ, കാലുകള്‍ അവിടെയുണ്ടെന്ന് പോലും തിരിച്ചറിയാത്ത വിധത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. വിരലുകള്‍ പോലും അനക്കാനാകാത്ത തനിക്ക് ഇനി എഴുന്നേറ്റ് നടക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലായിരുന്നു. എന്നാല്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മവിശ്വാസം പകര്‍ന്നു. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോ തെറാപ്പി ആരംഭിച്ചു. ഇപ്പോള്‍ സ്പര്‍ശനം തിരിച്ചറിയാനാകുന്നുണ്ട്. അധികം വൈകാതെ പഴയത് പോലെ എണീറ്റ് നടക്കാനാകുമെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പായി. ‘അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്. എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു ആവണി കൂട്ടിച്ചേര്‍ത്തു.                                                                                                                                                                                                                                                                                                                                .
ആവണിക്ക് അപകടം സംഭവിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷാരോണ്‍ പറഞ്ഞു. ‘എന്ത് തന്നെ സംഭവിച്ചാലും ജീവിത കാലം മുഴുവന്‍ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍ ഓടിയെത്തുകയായിരുന്നു’വെന്നും ഷാരോണ്‍ വ്യക്തമാക്കി. വിപിഎസ് ലേക്‌ഷോറിലെ ഓരോരുത്തരും നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. ആദ്യം തന്നെ, എല്ലാവരും കൂടെയുണ്ടെന്ന ഉറപ്പ് നല്‍കി ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സുദീഷ് കരുണാകരന്‍ ധൈര്യം പകര്‍ന്നു. മറ്റ് ഡോക്ടര്‍മാര്‍, ആശുപത്രി മാനേജ്‌മെന്റ്, ജീവനക്കാര്‍, ബന്ധുക്കള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നു. പല ഭാഷകളില്‍ നിന്നുള്ളവര്‍ സ്‌നേഹാശംസകള്‍ അറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിന് ശേഷം ചെറിയ രീതിയില്‍ ഒരു വിവാഹ സല്‍ക്കാരം നടത്തണമെന്ന ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ ആവണിയുടെ വിവാഹം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ എറണാകുളം വിപിഎസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തില്‍ നടക്കുകയായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു