കൊച്ചി: വിവാഹ ദിനത്തില്‍ അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആവണി ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങി. വിവാഹത്തിന് മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ആവണിയുടെ കഴുത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വരന്‍ ഷാരോണ്‍ മിന്നു ചാര്‍ത്തി. 12 ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ആവണി ഇന്നലെ ആശുപത്രിവിട്ടു. ആപത്തുകള്‍ക്ക് തോല്‍പ്പിക്കാനാകാത്ത പ്രണയം ഹൃദയത്തിലേറ്റിയ പ്രിയപ്പെട്ടവന്‍ ഷാരോണ്‍ അവളുടെ കൈകള്‍ മുറുകെ പിടിച്ചപ്പോള്‍ ആര്‍ദ്രമായ സ്‌നേഹത്തിന്റെ മറ്റൊരു മനോഹര മുഹൂര്‍ത്തത്തിന് കൂടി വി.പി.എസ് ലേക്‌ഷോര്‍ സാക്ഷ്യം വഹിച്ചു. ആവണിയുടെ മാതാപിതാക്കളായ എം. ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍, ഭര്‍തൃസഹോദരന്‍ റോഷന്‍ എന്നിവരും ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. ആവണിയുടെ കൊമ്മാടിയിലെ വീട്ടിലേക്കാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നല്‍കി ആശംസകള്‍ അറിയിച്ചാണ് ആവണിയെ യാത്രയാക്കിയത്. ആവണിക്കും ഭര്‍ത്താവ് ഷാരോണിനും മനോഹരമായ ഭാവി ജീവിതം ആശംസിച്ച് യാത്രയാക്കാന്‍ വി.പി.എസ് ലേക്‌ഷോര്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ ടി. അനില്‍കുമാര്‍, സി.എന്‍.ഒ പത്മാവതി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ‘ചേര്‍ത്തു പിടിച്ചവരോട് പറഞ്ഞാല്‍ തീരാത്ത നന്ദി… വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടര്‍മാരോടും മറ്റെല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടായിരിക്കും’ വിധിയെ അതിജയിക്കാന്‍ പ്രാര്‍ഥനയും പിന്തുണയുമായി കൂടെ നിന്നവരെ സാക്ഷിയാക്കി ആവണി ഒരിക്കല്‍ കൂടി പറഞ്ഞു….ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആവണിയുടെ ചികിത്സ ചെലവ് വി.പി.എസ് ലേക്‌ഷോര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പൂര്‍ണമായും സൗജന്യമാക്കിയിരുന്നു.എല്ലാവരോടും ഒരു പാട് നന്ദിയുണ്ടെന്ന് ആവണി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ അറിയാത്തവരടക്കം ഒരുപാട് പേരുടെ പ്രാര്‍ഥനകളും പിന്തുണയും ലഭിച്ചു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ഥ ഭാഷകളിലുള്ള ആളുകളും അക്കൂട്ടത്തിലുണ്ടെന്നും ആവണി പറഞ്ഞു. വി.പി.എസ് ലേക്‌ഷോറിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റുകളിലെയും ആളുകള്‍ നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് ഷാരോണ്‍ വ്യക്തമാക്കി. ആരോഗ്യകാര്യങ്ങള്‍ക്കാണ് ആദ്യ പരിഗണന, ശേഷം വിവാഹ റിസപ്ഷന്‍ ചടങ്ങുകളെന്തെങ്കിലും നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും ഇരുവരും പ്രതികരിച്ചു. .
ഇക്കഴിഞ്ഞ നവംബര്‍ 21ന് പുലര്‍ച്ചെ വിവാഹ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ കുമരകത്ത് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്, ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയെ തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍, രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണ്‍ വി.പി.എസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തില്‍ വെച്ചാണ് താലികെട്ടിയത്. അന്ന് ഉച്ചക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആലപ്പുഴ തുമ്പോളിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റതോടെ ആവണിയെ വിദഗ്ധ ചികിത്സക്ക് വി.പി.എസ് ലേക്‌ഷോറില്‍ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രി വിവാഹം നടത്താന്‍ സൗകര്യമൊരുക്കിയത്.

