വര്‍ഷങ്ങളായി മനസ്സില്‍ സ്വരുക്കൂട്ടിയിരിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചിതരാകാനും, നിര്‍ഭയവും നിഷ്‌കളങ്കവും, മുന്‍വിധിയില്ലാത്തതും മാത്സര്യം ഇല്ലാത്തതുമായ സന്തോഷകരമായ ബാല്യത്തിലേക്ക് മടങ്ങിപ്പോകാന്‍ ഇത്തരം ഇടങ്ങള്‍ നമ്മെ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു.
കൊച്ചി: നിങ്ങളിലെ കുട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഇടമാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ആര്‍ട്ട് റൂമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോ സ്‌റ്റേഷനിലെ ആര്‍ട്ട് റൂമില്‍ കൊച്ചിബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വര്‍ഷങ്ങളായി മനസ്സില്‍ സ്വരുക്കൂട്ടിയിരിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചിതരാകാനും, നിര്‍ഭയവും നിഷ്‌കളങ്കവും, മുന്‍വിധിയില്ലാത്തതും മാത്സര്യം ഇല്ലാത്തതുമായ സന്തോഷകരമായ ബാല്യത്തിലേക്ക് മടങ്ങിപ്പോകാന്‍ ഇത്തരം ഇടങ്ങള്‍ നമ്മെ സഹായിക്കുമെന്ന് ജി. പ്രിയങ്ക പറഞ്ഞു. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈയിടം.കൊച്ചിമുസിരിസ് ബിനാലെ (കെഎംബി) ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിപ്പിക്കുകയും, കൊച്ചിയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
എബിസിയുടെ ഭാഗമായി വിവിധ മേഖലകളിലെ ആര്‍ട്ടിസ്റ്റ്‌ഫെസിലിറ്റേറ്റര്‍മാര്‍ നയിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നതിനായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ആര്‍ട്ട് റൂമുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവിലും വാട്ടര്‍ മെട്രോ സ്‌റ്റേഷനിലുമാണ് ഈ സ്ഥലങ്ങള്‍. എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ ചിന്തോദ്ദീപകമായ ചിത്രങ്ങളും ആശയങ്ങളും ബാസ്റ്റിന്‍ ബംഗ്ലാവില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എബിസി ആര്‍ട്ട് റൂം 2018ലാണ് ആരംഭിച്ചത്. കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതിനായി പ്രത്യേക ആര്‍ട്ട് റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് റൂം, പണം ഈടാക്കി സ്വകാര്യ സ്‌കൂളുകളിലും സ്ഥാപിക്കാനാകുമെന്ന് കെബിഎഫ് ട്രസ്റ്റി മറിയം റാം പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കാന്‍ വാട്ടര്‍ മെട്രോ ആര്‍ട്ട് റൂം സഹായിക്കുമെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

