കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയില്‍ പുതുവര്‍ഷത്തലേന്നും പുലര്‍ച്ചയിലും സഞ്ചരിച്ചത് 1,61,683 പേര്‍.സുരക്ഷിതവും കൃത്യതയുമാര്‍ന്ന മെട്രോ സേവനം പുതുവര്‍ഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഏറെ സഹായകവുമായി. പുലര്‍ച്ചെ രണ്ട് മണിവരെ സര്‍വ്വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനില്‍ 1,39,766 പേരാണ് യാത്ര ചെയ്തത്. പുലര്‍ച്ചെ നാലു മണിവരെ സര്‍വ്വീസ് നടത്തിയ ഇലക്ട്രിക് ഫീഡര്‍ബസില്‍ 6817 പേരും വാട്ടര്‍ മെട്രോയില്‍ 15,000 പേരും യാത്രചെയ്ത് റേക്കോര്‍ഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. ഡിസംബര്‍ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2017 ല്‍ സര്‍വ്വീസ് തുടങ്ങിയ മെട്രോയില്‍ ഇതേവരെ 17.52 കോടിപ്പേര്‍ യാത്ര ചെയ്തു.
ഈ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 365,861, 94 ആയി വര്‍ധിച്ചു. ഡിസംബറില്‍ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചത് എന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യല്‍ മീഡിയവഴിയും നടത്തിയ പ്രചരണം, ഉപഭോക്തൃസൌഹൃദമായ സാങ്കേതിക വിദ്യാ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലാസ്റ്റ്‌മൈല്‍, ഫസ്റ്റ്‌മൈല്‍ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനായി 15 ഇലക്ട്രിക് ബസുകള്‍ വിവിധ റൂട്ടുകളില്‍ മെട്രോ സ്‌റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളെയും ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തിയതും നേട്ടമായി എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നഗരത്തില്‍ ഹരിത ഗതാഗത സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ് എന്നും അഭിപ്രായപ്പെട്ടു.

