ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം ഓപ്പറേഷന്‍ തിയേറ്ററും സജ്ജമാക്കിട്ടുണ്ട്
കൊച്ചി: ലോകോത്തര സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കി കളമശ്ശേരിയിലെ കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍. ഏകദേശം 384.34 കോടി രൂപ മുടക്കി നിര്‍മ്മിച്ച കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍, സൗകര്യങ്ങളുടെ കാര്യത്തില്‍ സ്വകാര്യ മേഖലയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരേസമയം നൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണം, സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കായി സജ്ജീകരിച്ച 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍. ഇതില്‍ ഒന്ന് ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്.മറ്റു ക്യാന്‍സര്‍ സെന്ററുകളില്‍ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രം 10,000 ചതുരശ്ര അടി സ്ഥലം. ക്യാന്‍സര്‍ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഇടം എന്നിങ്ങനെ വിവിധങ്ങളായ സൗകര്യങ്ങളാണ് കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ തയ്യാറാക്കിയിരിക്കുന്നത്.സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ഭാഗമായി 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ക്യാന്‍സര്‍ ചികിത്സാ രംഗത്തെ വിദഗ്ധരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ വലിയൊരു നിര തന്നെ സെന്ററില്‍ ലഭ്യമാകും. ഇത് രോഗികള്‍ക്ക് മികച്ച പരിചരണവും വേഗത്തിലുള്ള ചികിത്സയും ഉറപ്പാക്കാന്‍ സഹായിക്കും. മധ്യകേരളത്തിലെ രോഗികള്‍ക്ക് ഇനി വിദഗ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ താണ്ടേണ്ടി വരില്ല. രോഗനിര്‍ണ്ണയം മുതല്‍ ഗവേഷണം വരെ ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍, ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ കേരളം ലോകത്തിന് തന്നെ വഴികാട്ടിയാവുകയാണ്.അത്യാധുനിക യന്ത്രസാമഗ്രികള്‍ക്കൊപ്പം പുതുതായി നിയോഗിക്കപ്പെടുന്ന 159 ഓളം ആരോഗ്യപ്രവര്‍ത്തകരുടെ കരുതല്‍ കൂടി ചേരുന്നതോടെ കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

