അന്താരാഷ്ട്ര നിലവാരത്തിലുള്ള എന്‍ഡിഡിബി കാഫ് ലാബ് കേരളത്തിന് ലഭിച്ചുവെന്നത് കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വിജയമാണെന്ന് ജോര്‍ജ്ജ് കുര്യന്‍.
കൊച്ചി: നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡ് (എന്‍ഡിഡിബി), കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) എന്നിവയുടെ സംയുക്ത സംരംഭമായ എന്‍.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി കേന്ദ്രമത്സ്യബന്ധനമൃഗസംരക്ഷണക്ഷീരവികസനന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാം ധവളവിപ്ലവത്തിന് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സജ്ജരാക്കാന്‍ മില്‍മയടക്കമുള്ള സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള എന്‍ഡിഡിബി കാഫ് ലാബ് കേരളത്തിന് ലഭിച്ചുവെന്നത് കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വിജയമാണെന്ന് ജോര്‍ജ്ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. എട്ടു കോടി രൂപ ചെലവില്‍ പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ലാബ് യാഥാര്‍ഥ്യമാക്കിയത്. രണ്ടാം ധവളവിപ്ലവത്തിന് രാജ്യം തയ്യാറെടുക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലെയും ക്ഷീരസഹകരണ മേഖലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകും. അതില്‍ കേരളത്തിന് മുന്നിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വച്ചു.ക്ഷീരകര്‍ഷക മേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എം പി പറഞ്ഞു. പുതിയ നിയമഭേദഗതിയ്ക്ക് ശേഷം ഇത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ഈ വിഷയത്തില്‍ മില്‍മയ്ക്ക് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഭക്ഷ്യ ഗുണനിലവാരവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് എന്‍ഡിഡിബി കാഫ് ലാബിന്റെ തുടക്കമെന്ന് ചടങ്ങില്‍ സംസാരിച്ച എന്‍.ഡി.ഡി.ബി ചെയര്‍മാന്‍ ഡോ. മീനേഷ് സി. ഷാ പറഞ്ഞു. എന്‍.ഡി.ഡി.ബിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമെന്ന നിലയില്‍, വിശ്വസ്തവും, സാങ്കേതികമികവും, വിപണിയിലെ മത്സരക്ഷമതയും ഉറപ്പാക്കുന്നതില്‍ ലാബ് നിര്‍ണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്പ്‌മെന്റിന്റെ (എന്‍പിഡിഡി) കീഴില്‍ സ്‌റ്റേറ്റ് സെന്‍ട്രല്‍ ലബോറട്ടറിയായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്തെ മറ്റ് പ്രമുഖ ലബോറട്ടറികളുടെ അതേ ഗുണനിലവാരത്തിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളിലും മികച്ച പ്രൊഫഷണല്‍ രീതിയിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി,. ഇആര്‍സിഎംപിയു ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. കളമശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, മില്‍മ എം ഡി ആസിഫ് കെ യൂസഫ്, എന്‍ഡിഡിബി കാഫ് എം ഡി ഡോ. രാജേഷ് നായര്‍, ടിആര്‍സിഎംപിയു ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്, ഇ ആര്‍സിഎംപിയു എം ഡി വില്‍സണ്‍ ജെ പുറവക്കാട്ട്, എംആര്‍സിഎംപിയു എംഡി കെ സി ജെയിംസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐഎസ്ഒ/ഐഇസി 17025 അംഗീകാരമുള്ള ഈ ലബോറട്ടറിക്ക് എന്‍.എ.ബി.എല്‍, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയ ഏജന്‍സികളുടെ അംഗീകാരവുമുണ്ട്. ആധുനിക അനലിറ്റിക്കല്‍ സൗകര്യങ്ങളും വിദഗ്ധരായ ശാസ്ത്രജ്ഞരുമുള്ള ലാബില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും മൈക്രോബയോളജി, വെറ്റ് കെമിസ്ട്രി, റെസിഡ്യൂസ് ആന്‍ഡ് കണ്ടാമിനന്റ്‌സ് തുടങ്ങിയ സമഗ്രമായ പരിശോധനകള്‍ ലഭ്യമാണ്. ഇത് സഹകരണ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്പെടും.കേരളത്തിലെ ക്ഷീരമേഖലയിലെ പരിശോധനാ ആവശ്യങ്ങള്‍ക്കാണ് ലബോറട്ടറി പ്രാഥമികമായി ഊന്നല്‍ നല്‍കുന്നതെങ്കിലും സംസ്ഥാനത്തെ മറ്റ് ഭക്ഷ്യസംരംഭകര്‍ക്കും ലാബിന്റെ സേവനം ലഭ്യമാകും. ഘട്ടംഘട്ടമായി പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യം, ബേക്കറി വിഭവങ്ങള്‍, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍, അരി, എന്നിവയുടെ പരിശോധനകളിലേക്കും ലാബിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലെ പരിശോധനാ ആവശ്യങ്ങളും ഈ ലാബ് നിറവേറ്റും.

