കൊച്ചി: ലൈറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ സിഗ്‌നിഫൈ ‘ജഗ്മഗ് പാഠശാല’ പദ്ധതിയിലൂടെ ആന്ധ്രപ്രദേശിലെ പര്വതിപുരം മന്യം ജില്ലയിലെ 56 സര്‍ക്കാര്‍ ആദിവാസി ക്ഷേമ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ലൈറ്റിംഗും അടിസ്ഥാന വൈദ്യുതി സൗകര്യങ്ങളും നവീകരിച്ചു. ഇതിലൂടെ 18,200-ത്തിലധികം ആദിവാസി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സുരക്ഷിതവും പ്രകാശപൂര്‍ണവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം ഒരുക്കിയതായി കമ്പനി അറിയിച്ചു. ഊര്‍ജക്ഷമതയുള്ള സീലിംഗ് ഫാനുകള്‍, ട്യൂബ് ലൈറ്റുകള്‍, പുറം വെളിച്ച സംവിധാനങ്ങള്‍ എന്നിവ സ്ഥാപിച്ചതോടെ ക്ലാസ് മുറികളുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെട്ടു. വിദ്യാര്‍ഥികളുടെ ഹാജര്‍, പഠനത്തിലെ ശ്രദ്ധ, അക്കാദമിക്-കായിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവയും വര്‍ധിച്ചതായി സിഗ്‌നിഫൈ അറിയിച്ചു. ജനകല്യാണ സമഖ്യയും സംയോജിത ആദിവാസി വികസന ഏജന്‍സിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. വിദ്യാഭ്യാസത്തിനും സമൂഹക്ഷേമത്തിനുമുള്ള സിഗ്‌നിഫൈയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ‘ജഗ്മഗ് പാഠശാല’ പദ്ധതി നടപ്പാക്കിയത്.

