സന്ദര്‍ശകര്‍ക്ക്  ഇളവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പൊതുജനങ്ങളിലേക്ക് കലയെ എത്തിക്കുന്നതുമായ ബിനാലെയുടെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു.
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്) മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ കൊച്ചി-മുസിരിസ് ബിനാലെ വേദികളിലെ സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി മുതലാണ് ഇത് നടപ്പില്‍ വരുന്നത്. വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാരൂപങ്ങള്‍ ആസ്വദിക്കാന്‍ തീരുമാനം സഹായകമാകും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പൊതുജനങ്ങളിലേക്ക് കലയെ എത്തിക്കുന്നതുമായ ബിനാലെയുടെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന, കൊച്ചിയുടെ പൊതു സാംസ്‌കാരിക ഉത്സവമായാണ് തുടക്കം മുതല്‍ ഇതിനെ വിഭാവനം ചെയ്തിട്ടുള്ളതെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.
പുതിയ പ്രഖ്യാപനപ്രകാരം സൗജന്യ പ്രവേശനം അനുവദിച്ച തിങ്കളാഴ്ചകളിലേക്ക് മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് തുക നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് കെ.ബി.എഫ് അധികൃതര്‍  അറിയിച്ചു. ബിനാലെ ടിക്കറ്റുകളില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ഫെബ്രുവരിയിലെ ഒന്നും മൂന്നും തിങ്കളാഴ്ചകളിലേക്ക് ടിക്കറ്റ് വാങ്ങിയവര്‍ക്ക് ആ ടിക്കറ്റുകള്‍ ബിനാലെയുടെ മറ്റേതൊരു ദിവസവും സന്ദര്‍ശനത്തിനായി ഉപയോഗിക്കാവുന്നതാണ്. ഒരിക്കല്‍ സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു ടിക്കറ്റിന് ഒരു ദിവസം മുഴുവന്‍ സാധുത ഉണ്ടായിരിക്കും. ആദ്യമായി സ്‌കാന്‍ ചെയ്യുന്നത് വരെ ഈ ടിക്കറ്റുകള്‍ ഏത് ദിവസവും ഉപയോഗിക്കാമെന്നത് സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമാകും.
അന്താരാഷ്ട്ര തലത്തിലുള്ള പല പ്രദര്‍ശനങ്ങളിലും കര്‍ശനമായ തീയതി നിബന്ധനകള്‍ ടിക്കറ്റുകളില്‍ ഉള്ളപ്പോള്‍, കൊച്ചി ബിനാലെയില്‍ ആദ്യ പ്രവേശന സമയത്ത് മാത്രം ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ ബിനാലെ വേദികള്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ച ദിവസം അവിചാരിതമായി മാറ്റം വന്നാലും തുക നഷ്ടപ്പെടാതെ ടിക്കറ്റ് ഉപയോഗിക്കാം. ടിക്കറ്റുകള്‍ കൈമാറ്റം ചെയ്യാവുന്നതാണെന്നും ആദ്യത്തെ സ്‌കാനിംഗ് വരെ അവയ്ക്ക് സാധുതയുണ്ടാവുമെന്നും ഫൗണ്ടേഷന്‍ ആവര്‍ത്തിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു