പ്രദര്‍ശനത്തോടനുബന്ധിച്ച് കാര്‍ഷിക അനുബന്ധ മേഖലകളിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു.
കൊച്ചി: ആഴക്കടല്‍ കാഴ്കളുടെ വിസ്മയ ലോകം തുറന്നിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപണ്‍ ഹൗസ് പ്രദര്‍ശനം. കടലിലെ ഭീമനായ ബ്രൈഡ്‌സ് തിമിംഗലത്തിന്റെ 14 മീറ്റര്‍ നീളമുള്ള അസ്ഥികൂടം പ്രദര്‍ശിപ്പിച്ച മറൈന്‍ മെഗാഫോണ മ്യൂസിയമായിരുന്നു പ്രധാന ആകര്‍ഷണം. കടലില്‍ തിമിംഗലങ്ങളും ഡോള്‍ഫിനുകളും പുറപ്പെടുവിക്കുന്ന വൈവിധ്യമായ ശബ്ദവീചികള്‍ മ്യൂസിയത്തില്‍ അവതരിപ്പിച്ചത് കാണികള്‍ക്ക് നവ്യാനുഭവമായി.സിഎംഎഫ്ആര്‍ഐയുടെ 79ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി ഡയറക്ടര്‍ ഡോ ദുവ്വൂരി ശേഷാഗിരി ഓപണ്‍ ഹൗസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.കടല്‍ സസ്തനികളുടെ പ്രാധാന്യം, അവയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചു നല്‍കി.
നാഷണല്‍ മറൈന്‍ ബയോഡൈവേഴ്‌സിറ്റി മ്യൂസിയത്തിലെ സണ്‍ ഫിഷ്, ഓര്‍ ഫിഷ് എന്നിവ പ്രത്യേക ശ്രദ്ധ നേടി. ഇവയ്ക്ക് പുറമെ ഭീമന്‍ കക്ക, തിമിംഗല സ്രാവ്, ചക്രവര്‍ത്തി മത്സ്യം തുടങ്ങി അപൂര്‍വ്വമായ ഒട്ടേറെ കടല്‍ ജീവികളുടെ ശേഖരം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമായി.
വിവിധ ഗവേഷണ വിഭാഗങ്ങളുടെ കീഴില്‍ സ്രാവുകള്‍, തിരണ്ടികള്‍, വിവിധയിനം മത്സ്യങ്ങള്‍, ചെമ്മീന്‍, കൊഞ്ച്, കണവ, മുത്തുചിപ്പി എന്നിവയുടെ വിപുലമായ പ്രദര്‍ശനം ഒരുക്കിയിരുന്നു. മാരിക്കള്‍ച്ചര്‍ സാങ്കേതികവിദ്യകള്‍, പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. സമുദ്ര പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു.
പ്രദര്‍ശനത്തോടനുബന്ധിച്ച് കാര്‍ഷിക അനുബന്ധ മേഖലകളിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജും മറ്റ് ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിച്ചു. മോളിക്യുലാര്‍ ബയോളജി, ബയോപ്രോസ്‌പെക്റ്റിംഗ്, സെല്‍ കള്‍ച്ചര്‍, ഫിഷറി ബയോളജി, പരിസ്ഥിതി ഗവേഷണം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര അമ്ലീകരണം തുടങ്ങിയ ലബോറട്ടറികള്‍, ഹാച്ചറികള്‍, ലൈബ്രറി, പട്ടാളപുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവ പൊതുജനങ്ങള്‍ക്ക് കാണാനായി തുറന്നുകൊടുത്തിരുന്നു.

