കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയവും കേരള വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് ഏകദിന ശില്‍പശാല ഒരുക്കിയത്.
കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിടഇടത്തരം സംരംഭങ്ങളുടെ (MSME) ആഗോള മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ സംരംഭകരിലേക്ക് എത്തിക്കുന്നതിനുമായി ‘കോമ്പോസിറ്റ് കോംപറ്റിറ്റീവ്‌നെസ് അവയര്‍നസ് വര്‍ക്ക്‌ഷോപ്പ്’ സംഘടിപ്പിച്ചു. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ശില്‍പ്പശാലം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.ബി.ഐ.പി ചെയര്‍മാനുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയവും കേരള വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് ഏകദിന ശില്‍പശാല ഒരുക്കിയത്. സംരംഭകര്‍ക്ക് വായ്പാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താനും ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. വ്യവസായ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് പി. ഐ.എ.എസ്. സംസ്ഥാനത്തെ പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയം ജോയിന്റ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്. പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച ശേഷം പണം ലഭിക്കാന്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ ‘ട്രെഡ്‌സ്’ പ്ലാറ്റ്‌ഫോം, എം.എസ്.ഇ. ഒ.ഡി.ആര്‍. പോര്‍ട്ടല്‍ എന്നിവയെക്കുറിച്ച് ഇന്‍വോയ്‌സ് മാര്‍ട്ട് പ്രതിനിധികള്‍ ക്ലാസെടുത്തു. പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍: വ്യവസായ ശാലകളെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് സിഡ്ബി ആവിഷ്‌കരിച്ച എം.എസ്.ഇ. ജിഫ്റ്റ്, സ്‌പൈസ് പദ്ധതികളെക്കുറിച്ചും ഇ.എസ്.ജി മാനദണ്ഡങ്ങളെക്കുറിച്ചും ലോകബാങ്ക് പ്രതിനിധികള്‍ വിശദീകരിച്ചു. ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ആഗോള വിപണിയിലെത്തിക്കാന്‍ സഹായിക്കുന്ന ‘ടീം’ സ്‌കീമിനെക്കുറിച്ചും ക്ലാസ് നടന്നു. നാഷണല്‍ എസ്.സി./എസ്.ടി. ഹബ്ബ് പദ്ധതിയെക്കുറിച്ച് എന്‍.എസ്.ഐ.സി.യും, എം.എസ്.എം.ഇ ചാമ്പ്യന്‍സ് പദ്ധതിയെക്കുറിച്ച് ക്യു.സി.ഐ.യും വിശദീകരണം നല്‍കി. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവ്, തൃശൂര്‍ എം.എസ്.എം ഇ. ഡി.എഫ്.ഒ ജോയിന്റ് ഡയറക്ടര്‍ ജി.എസ് പ്രകാശ്, വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. പ്രേംരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

