എറണാകുളം ജനറല്‍ ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനം സ്ഥിരപ്പെടുത്താന്‍ നീക്കം

ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനെ ഇരുട്ടില്‍ നിറുത്തി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കൊച്ചി: ‘ശ്രുതി തരംഗം’ പദ്ധതിയുടെ പേരില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന പിന്‍വാതില്‍ നിയമനം സ്വിരപ്പെടുത്താന്‍ നീക്കം നടക്കുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ (കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു. കേള്‍വി വൈകല്യമുള്ള കുട്ടികളുടെ കേള്‍വിതകരാര്‍ പരിഹരിക്കുന്നതിന് അതീവ പ്രാധാന്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് ‘ശ്രുതി തരംഗം’. സര്‍ക്കാര്‍ ആശുപത്രികളിലെ ഇഎന്‍ടി സര്‍ജ്ജന്മാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ച്, അപേക്ഷ സ്വീകരിച്ച് യോഗ്യരായവരെ തിഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയാണ്  ‘ശ്രുതി തരംഗം’ പദ്ധതിയുടെ ഭാഗമാക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തില്‍ അഞ്ച് സ്ഥിരം ഇഎന്‍ടി സര്‍ജന്മാരും ഒരു വര്‍ക്കിങ് അറേഞ്ച്‌മെന്റ് ഇഎന്‍ടി സര്‍ജനുമടക്കം ആറ് വിദഗ്ധര്‍ ഉണ്ട്. കൂടാതെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും യോഗ്യരായ ഇഎന്‍ടി വിദഗ്ധരുണ്ട്. എന്നിട്ടും പരിശീലനത്തിനായി ജില്ലയിലെ സര്‍ക്കാര്‍ ഇഎന്‍ടി സര്‍ജന്മാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കുകയോ അപേക്ഷകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് സംഘടന നേതാക്കള്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു. ജില്ലയിലെ നിരവധി ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുകള്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി കാത്തിരിക്കുന്നു.

വിദഗ്ദ ഡോക്ടര്‍മാര്‍ കുറവുള്ള ആശുപത്രികളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കാറുണ്ട്. എന്നാല്‍ ഇഎന്‍ടി വിഭാഗത്തില്‍ സ്ഥിരമായി ആറ് വിദഗ്ദ ഡോക്ടര്‍മാരുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍  ഉന്നത സ്വാധീനം വഴി മൂന്ന് വര്‍ഷം മുമ്പ് കയറിക്കൂടിയ താല്‍ക്കാലിക  ഡോക്ടറെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ചെലവില്‍ അതീവ പ്രത്യേകതയുള്ള പരിശീലനം നല്‍കാനാണ് പിന്നണിയില്‍ നീക്കം നടക്കുന്നത്. അന്നത്തെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് (ഇപ്പോഴത്തെ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍) ആണ് ഈ നീത്തിന് ശുപാര്‍ശ നല്‍കിയത്.  ഭരണം മാറിയെങ്കിലും ഇപ്പോഴും ഇവര്‍തന്നെയാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനെ ഇരുട്ടില്‍ നിറുത്തി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ ന്യായമായ അവകാശങ്ങളെയും കരിയര്‍ പുരോഗതിയെയും അട്ടിമറിക്കുന്ന നടപടിയാണിത്.  സര്‍ക്കാര്‍ സര്‍വീസിലുള്ള അര്‍ഹരായ ഇഎന്‍ടി വിദഗ്ധര്‍ക്ക് അവസരം ഉറപ്പാക്കി മാത്രമേ ‘ശ്രുതി തരംഗം’ പദ്ധതി മുന്നോട്ടുകൊണ്ടുപോകാവൂവെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അവകാശങ്ങളും ഭരണനീതിയും സംരക്ഷിക്കുന്നതിനായി കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു