ഇന്ധനക്ഷാമമില്ല: ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: ജില്ലയില്‍ പെട്രോള്‍, ഡീസല്‍ എന്നിവക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണമെന്നും കളക്ടര്‍ പറഞ്ഞു. ക്യാനുകളില്‍ ഡീസല്‍ ലഭിക്കുന്നില്ലെന്ന ബേക്കറി, ഹോട്ടല്‍ അസോസിയേഷനുകള്‍, ചെറുകിട നിര്‍മാണ മേഖലയിലെ ജെസിബി ഹിറ്റാച്ചി ഉടമകള്‍, ആശുപത്രി പ്രതിനിധികള്‍, ഫിഷറീസ് ബോട്ട് ഓണേഴ്‌സ് എന്നിവരുടെ പരാതികളെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജൂണ്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 200 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം വാങ്ങുന്ന ബള്‍ക്ക് കണ്‍സ്യൂമേഴ്‌സിന് മാത്രമാണ് നിയന്ത്രണമുള്ളത്.  ചെറുകിട ആവശ്യക്കാര്‍ക്കോ വ്യക്തികള്‍ക്കോ വാഹനങ്ങള്‍ക്കോ പ്രതിദിനം 200 ലിറ്റര്‍ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ലെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ ) അംഗീകരിച്ച പ്രത്യേക കണ്ടെയ്‌നറുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. മുന്‍പും ഈ നിയമം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ഇത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം കൊണ്ടുപോകുന്നത് സുരക്ഷാ ഭീഷണിയായതിനാലാണ് പെസോ അംഗീകൃത കണ്ടെയ്‌നറുകള്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.
നിലവില്‍ ഇത്തരം ക്യാനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ തന്നെ ഇവ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഓയില്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ക്യാനുകളുടെ ലഭ്യത ഉറപ്പാക്കി ഇന്ധന വിതരണം പൂര്‍ണ്ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വ്യാജ പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു