കരുത്തുറ്റ വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവുള്ള യുവതലമുറയുടെ കഴിവ് മനസിലാക്കി അവരെ അംഗീകരിക്കണം
കൊച്ചി: കേരളത്തിലെ യുവതലമുറ കഴിവും നന്മയും ഉള്ളവരാണെന്നും ഇവരുടെ കഴിവും ഗുണങ്ങളും കേരളം ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കേരള കൗണ്‍സില്‍ ദൈ്വ വാര്‍ഷിക സമ്മേളനം എറണാകുളം ബിടിഎച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും ചെറുപ്പക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് മാറ്റം വരുത്താന്‍ പ്രവാസികള്‍ മുന്‍ കൈ എടുക്കണം. 30 വയസില്‍ താഴെയുള്ള രണ്ടു കോടിയോളം ചെറുപ്പക്കാര്‍ കേരളത്തിലുണ്ട്. കരുത്തുറ്റ വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവുള്ള യുവതലമുറയുടെ കഴിവ് മനസിലാക്കി അവരെ അംഗീകരിക്കണം. കേരളത്തില്‍ തന്നെ യുവതലമുറയ്ക്ക് നില്ക്കാന് പറ്റുന്ന വിധത്തില്‍ നൂതന സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ പ്രവാസി സമൂഹം തയ്യാറകണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള ഘടകം ചെയര്മാന് അഡ്വ. കെ.വി സാബു അധ്യക്ഷത വഹിച്ചു.
അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനത്തിന്റെ ബ്രോഷറും ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. കേരളത്തിലെ ഭൂമിയും ജലാശയങ്ങളും വായുവും മലിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവി തലമുറയ്ക്ക് ഇവിടെ എങ്ങനെ ജീവിക്കാന്‍ കഴിയുമെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത യാക്കോബായ സീനിയര്‍ ബിഷപ്പ് ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് പറഞ്ഞു. ജലാശയങ്ങളും പാടശേഖരങ്ങളുമെല്ലാം ഇവിടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. ഇരിക്കുന്ന കൊമ്പു മുറിച്ചുകൊണ്ടാവരുത് വികസനം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ് യുവതലമുറയെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എറണാകുളം ജില്ലാ ജഡ്ജി എം. സുലേഖ പറഞ്ഞു. ഗ്ലോബല്‍ ചെയര്മാന് ഗോപാലന് പിളള, പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗ്ഗീസ്, കേരള കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുഴിക്കാല, ജനറല്‍ സെക്രട്ടറി അഡ്വ. എം. ജി ശ്രീജിത്ത്, സെന്‍ട്രല്‍ പ്രോവിന്‍സ് ചെയര്മാന് വി.കെ വര്‍ഗ്ഗീസ്, നോര്‍ത്ത് പ്രൊവിന്‍സ് ചെയര്മാന് കെ നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനയുടെ ഭാവി പദ്ധതികളും വീക്ഷണങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു.


