ഇഫ്താര്‍ സംഗമം നടത്തി 

ഒരു യുദ്ധവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും ഒരു യുദ്ധവും നന്മയുമല്ലെന്നും ഫാ. തോമസ് തറയില്‍ പറഞ്ഞു.

കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപറേഷന്റെ (സി സി സി) നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടന്നു. സി സി സി ചെയര്‍മാന്‍ ഗള്‍ഫാര്‍ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഓണമ്പള്ളി മുഹമ്മദ് ഫൈസി റമദാന്‍ സന്ദേശം നല്‍കി. മധ്യ പൗരസ്ത്യ ദേശത്ത് തീ ആളിക്കത്തുമ്പോള്‍ അസ്വസ്ഥമായ മനസ്സോടെയാണ് ലോകം അതിനെ നോക്കിക്കാണുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂന്ന് രാജ്യങ്ങളാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്കിലും ലോകത്തില്‍ മുഴുവന്‍ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ആയുധങ്ങള്‍ ചെന്നു വീഴുന്നത് നിരപരാധികളുടെ ദേഹത്താണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ഒന്നിപ്പിക്കുന്നതിന് ജാതിയും മതവും തടസ്സമാകരുതെന്ന് സ്വാമി വിശാലാനന്ദ പറഞ്ഞു. ഒരു യുദ്ധവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും ഒരു യുദ്ധവും നന്മയുമല്ലെന്നും ഫാ. തോമസ് തറയില്‍ പറഞ്ഞു. നന്മയാണ് മതങ്ങളൊക്കെ അനുശാസിക്കുന്നതെന്നും അതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സത്യത്തേയും സ്‌നേഹത്തേയും ലോകത്ത് ഒന്നിനും നശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. സി.സി.സി ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി, പി മുജീബ് റഹ്മാന്‍, ഡോ. പുനലൂര്‍ സോമരാജന്‍, ഡോ. ഹുസൈന്‍ മടവൂര്‍, സ്വാമി സൂര്യശങ്കര്‍, സ്വാമി ശ്രീ ഗുരു സായ് പ്രീത്, സി എച്ച് അബ്ദുറഹീം എന്നിവര്‍ പ്രസംഗിച്ചു. ഗോപിനാഥ് മുതുകാട്, അബൂബക്കര്‍, പുനലൂര്‍ സോമന്‍ എന്നിവരെ ആദരിച്ചു. വൈവിധ്യങ്ങളിലെ ഐക്യം യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാനതല രണ്ടാമത് മലയാളം പ്രസംഗ മത്സരത്തിലെ ജേതാക്കള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു