നീളുന്ന യുദ്ധം, പെരുകുന്ന ദുരിതം

റാൻ യുദ്ധം ഒരാഴ്ച പിന്നിട്ടു. അന്ത്യത്തെപ്പറ്റി ഒരു സൂചനയുമില്ല. യുദ്ധം തീർക്കാൻ ചർച്ചകൾ നടക്കുന്നതായും സൂചനയില്ല. ചർച്ചയ്ക്കില്ല, ഇറാനെ മുച്ചൂടും നശിപ്പിക്കലാണു ലക്ഷ്യം എന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറയുന്നു. ചർച്ചയില്ല, ഇസ്രയേലിനെ നശിപ്പിക്കും, അമേരിക്കയെ തുരത്തിയോടിക്കും എന്ന് ഇറാനും പറയുന്നു.

ആരു ജയിക്കും, തോൽക്കും എന്നതിനേക്കാൾ ലോകം നോക്കുന്നത് യുദ്ധം അവസാനിക്കുന്നതിലേക്കാണ്. യുദ്ധം നീളും തോറും ജനങ്ങളുടെ ദുരിതം കൂടും. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചു. ലോകത്തിൽ കടലിലൂടെയുള്ള ക്രൂഡ് ഓയിലിൻ്റെയും ദ്രവീകൃത പ്രകൃതി വാതകത്തിൻ്റെ (എൽഎൻജി)യും 30 – 32 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണു നീങ്ങുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയിൽ പകുതി ഇതു വഴിയാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ മുന്തിയ പങ്കും ഇതു വഴി തന്നെ. മൊത്തം ആഗോള ഇന്ധന ഉപയോഗം നോക്കിയാൽ അതിൽ 20-22 ശതമാനം ഈ കടലിടുക്കിലൂടെ ആണ്. അതായത് ലോകത്തിൻ്റെ ഊർജ- ഇന്ധന സുരക്ഷയ്ക്ക് യുദ്ധം ഭീഷണി ആയിരിക്കുന്നു.

ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇതിലൂടെ വരുന്നു ക്രൂഡ് ഓയിലിൽ നിന്നു പെട്രോളും ഡീസലും മാത്രമല്ല എടുക്കുന്നത്. പെയിൻ്റ്, പോളിഷ് എന്നിവയ്ക്കു വേണ്ട കെമിക്കലുകൾ, പാരഫിൻ, ബിറ്റുമിൻ (ടാർ), പോളിസ്റ്റർ നിർമാണത്തിനു വേണ്ട കെമിക്കലുകൾ തുടങ്ങിയവ കിട്ടുന്നു. ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) വൈദ്യുതി, രാസവളം എന്നിവയുടെ നിർമാണത്തിനും വാഹന ഗതാഗതത്തിനും നഗരങ്ങളിലെ പാചകത്തിനും വേണം.ഹോർമുസ് കടലിടുക്ക് ദീർഘനാൾ അടഞ്ഞു കിട ക്രൂഡ് വില ബാരലിനു 100 ഡോളറും കടന്നു കുതിക്കും എന്നു വിപണി കണക്കാക്കുന്നു. 2007 ലെ 147 ഡോളറിനു മുകളിലേക്കു വരെ വില കയറിയാലും അദ്ഭുതം വേണ്ട. ഒരാഴ്ച മുൻപുണ്ടായിരുന്നതിൻ്റെ ഇരട്ടിയാണിത്. ഹോർമുസ് അടഞ്ഞപ്പോൾ തന്നെ എൽഎൻജി വില 60 ശതമാനം കയറി. വലിയ എൽഎൻജി ഉൽപാദകരായ ഖത്തർ ഉൽപാദനം നിർത്തി.

മിക്ക രാജ്യങ്ങളും ക്രൂഡ് ഓയിലും ഡീസലും പെട്രോളുമൊക്കെ വലിയ അളവിൽ സൂക്ഷിക്കുന്നുണ്ട്. ഇന്ത്യക്ക് 74 ദിവസത്തെ ആവശ്യത്തിനുള്ള ഇന്ധനം റിസർവ് ആയി ഉണ്ട്. ഇങ്ങോട്ടു വരുന്ന എണ്ണ ടാങ്കറുകളിലും എണ്ണക്കമ്പനികളുടെ സംഭരണികളിലും സർക്കാരിൻ്റെ തന്ത്രപ്രധാന ശേഖരത്തിലും കൂടി ഉള്ളതാണ് ഇത്.എണ്ണ കിട്ടാതായാൽ അതു മുഴുവനും എടുക്കാൻ പറ്റില്ല. പ്രതിരോധ സേനകൾക്കു വേണ്ട കരുതൽ നിലനിർത്തണം. ബാക്കിയേ സാധാരണ ആവശ്യങ്ങൾക്ക് എടുക്കാനാവൂ. വിശാഖപട്ടണം, മംഗലാപുരം, പാഡൂർ (കർണാടകം) എന്നിവിടങ്ങളിൽ ആണ് ഇന്ത്യയുടെ സ്ട്രാറ്റജിക് ഓയിൽ റിസർവ്. മൊത്തം ശേഷി 53.3 ലക്ഷം ടൺ. ഇത് ഒൻപതര ദിവസത്തെ ഉപയോഗത്തിനു തികയും. എണ്ണ കമ്പനികളുടെ സംഭരണികളിലും ഇങ്ങോട്ടു വരുന്ന കപ്പലുകളിലും കൂടി 64.5 ദിവസത്തേക്കു വേണ്ട ക്രൂഡ് ഉണ്ട്. ഇങ്ങനെ മൊത്തം 74 ദിവസത്തേക്കു വേണ്ടത്ര ക്രൂഡ്.

ക്രൂഡും മറ്റും സൂക്ഷിക്കുന്നതു പോലെ എൽഎൻജിയും എൽപിജിയും സൂക്ഷിക്കാറില്ല. കൂടുതൽ സ്ഥലം വേണം. അപകടസാധ്യതയും കൂടുതൽ. ക്ഷാമം വരുമ്പോൾ ഈ വാതകങ്ങൾ ആദ്യം തീരും.ഹോർമുസ് വഴിയുള്ളതു മുടങ്ങിയാൽ പകരം അത്രയും ഇന്ധനവും വാതകവും കിട്ടാൻ വഴിയില്ല. ഉൽപാദനശേഷി ഒരു മാസമോ ആറു മാസമോ കൊണ്ടു വർധിപ്പിക്കാൻ പറ്റില്ല. തുറമുഖശേഷി വർധിപ്പിക്കാനും കാലമെടുക്കും. അതായതു ഹോർമുസ് ഉപരോധം നീണ്ടാൽ ലോകം വലയും.

30 ദിവസത്തേക്കു റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഈയാഴ്ച അനുമതി നൽകി. ലോകവിപണിയിലെ ക്രൂഡ് വിലക്കയറ്റം നിയന്ത്രിക്കുകയാണ് അനുമതിയുടെ ലക്ഷ്യം. ഇന്ത്യക്ക് തൽക്കാലം ഇതു വലിയ ആശ്വാസമാകും. ഇന്നലെ യുഎഇയുടെ മർബൻ ക്രൂഡ് വീപ്പയ്ക്കു 94 ഡോളറിനു മുകളിൽ എത്തിയിരുന്നു.2025-ൽ ലോകത്തിലെ കടൽ മാർഗമുള്ള ക്രൂഡ് ഓയിൽ നീക്കത്തിൻ്റെ 31 ശതമാനം ഹോർമുസ് വഴിയായിരുന്നു. പ്രതിദിനം 130 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ ആണു കഴിഞ്ഞ വർഷം ആ കടലിടുക്കിലൂടെ അറബിക്കടലിലേക്കു കടന്നത്. 2025 ൽ ഇന്ത്യയുടെ ഇറക്കുമതിയിൽ 60 ശതമാനം പശ്ചിമേഷ്യയിൽ നിന്നായിരുന്നു. അതത്രയും ഹോർമുസിലൂടെയാണു വന്നത്.

കപ്പൽ നീക്കം മുടങ്ങിയതോടെ ഖത്തർ പ്രകൃതിവാതക ഉൽപാദനം നിർത്തി. ഇന്ത്യയുടെ എൽഎൻജി ആവശ്യത്തിൻ്റെ 53 ശതമാനം ഖത്തറിലും യുഎഇയിലും നിന്നാണ്. അതു മുഴുവൻ ഹോർമുസ് വഴിയും. പാക്കിസ്ഥാൻ്റെ 99 ഉം ബംഗ്ലാദേശിൻ്റെ 72 ഉം ശതമാനം എൽഎൻജി ഇറക്കുമതി ഇതുവഴി തന്നെയാണ്.ഇറാൻ്റെ എണ്ണയുടെ 80 ശതമാനവും വാങ്ങുന്ന ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനം ഹോർമുസ് വഴിയാണ്. എൽഎൻജി ഇറക്കുമതിയുടെ 30 ശതമാനവും ഇതിലേ തന്നെ. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി എല്ലാ ഏഷ്യൻ രാജ്യങ്ങൾക്കും ഹോർമുസ് ആണ് ഊർജ കവാടം. അത് അടഞ്ഞു കിടന്നാൽ ഏഷ്യൻ സമ്പദ്ഘടനകൾ നിശ്ചലമാകും. വലിയ സാമ്പത്തിക തകർച്ചയാകും ഫലം.

എണ്ണ ഉപയോഗം ഇത്രയും ഇല്ലാതിരുന്ന 1979 ലെ ഇസ്ലാമിക വിപ്ലവവും തുടർന്നുണ്ടായ ഇറാഖ് – ഇറാൻ യുദ്ധവും നടന്നപ്പോൾ ക്രൂഡ് ഓയിൽ വില മൂന്നു മടങ്ങായി വർധിച്ചു. 1979 ആദ്യം 13 ഡോളർ ആയിരുന്ന ക്രൂഡ് വില പിറ്റേ വർഷം ഫെബ്രുവരിയിൽ 40 ഡോളറിൽ എത്തി. 1981 മുതൽ വില ഇടിഞ്ഞ് 1986-ൽ 12 ഡോളറിലേക്കു തിരിച്ചെത്തി.1990 ഓഗസ്റ്റിൽ ഇറാഖ് കുവൈറ്റിനെ കീഴടക്കിയപ്പോൾ എണ്ണവില 15 ഡോളറിൽ നിന്നു രണ്ടു മാസം കൊണ്ട് 40 ഡോളറിലേക്കു കുതിച്ചു. ഇറാഖിനെ തുരത്തിയ ശേഷമാണ് വില 20 ഡോളറിലേക്കു താഴ്ന്നത്.

2007-08 ൽ ലോകത്തിൻ്റെയും ഇന്ത്യ, ചൈന രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച ഉയർന്ന തോതിലായപ്പോൾ ക്രൂഡ് ഓയിൽ വില കുതിച്ചു കയറിയ സംഭവവും ഉണ്ട്. 50 ഡോളറിനു താഴെ നിന്ന് 2008 ജൂലൈയിൽ 147 ഡോളറിൽ എത്തി. പിറ്റേ വർഷം ആഗോള സാമ്പത്തിക മാന്ദ്യം വന്നിട്ടാണു വില ഇടിഞ്ഞത്.അത്തരമൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ ക്രൂഡ് വിലക്കയറ്റം 20 ശതമാനം മാത്രമാണ്. 71 ഡോളറിൽ നിന്ന് 86 ഡോളറിലേക്ക് ബ്രെൻ്റ് ഇനം ക്രൂഡ് എത്തി. യുദ്ധം ഉടനെങ്ങും തീരില്ല എന്നായാൽ അവിടെ നിന്നു നൂറും നൂറ്റൻപതും ഡോളറിലേക്കു പായാൻ പ്രയാസമില്ല. പാചകവാതക കുറ്റി മാറാൻ 40- ഉം 50 ഉം ദിവസം വേണമെന്നും പെട്രോളിനു 150 രൂപ നൽകണമെന്നും ഒക്കെ വരുന്ന സാഹചര്യം ചിന്തിക്കേണ്ടി വരും. അതാണ് എല്ലാവരും യുദ്ധം വേഗ തീരാൻ പ്രാർഥിക്കുന്നത്

ട്രംപിൻ്റെ അമേരിക്കയിലും ജനങ്ങൾ ആഗ്രഹിക്കുന്നതു യുദ്ധം വേഗം തീരണം എന്നാണ്. ടെക്‌സസിലെ പമ്പുകളിൽ കഴിഞ്ഞ മാസം 2.45 ഡോളറിനു കിട്ടിയിരുന്ന പെട്രോളിന് ഇപ്പോൾ വില 2.82 ഡോളർ ആയി. ഒപ്പം ഇറച്ചിയും മുട്ടയും മുതൽ എല്ലാറ്റിനും വില കൂടുന്നു. ഇനിയും കൂടും എന്ന ഭീഷണി നിലനിൽക്കുന്നു. സർവേകളിൽ ട്രംപിനു പിന്തുണ കുറഞ്ഞുവരുന്നു. ഇറാൻ യുദ്ധത്തെ എതിർക്കുന്നവർ 60 ശതമാനത്തിനടുത്തായി എന്നാണു പുതിയ സർവേകൾ കാണിക്കുന്നത്.

നീണ്ട യുദ്ധം എല്ലായിടത്തും സാമ്പത്തികവളർച്ച കുറയ്ക്കും. വളർച്ച കുറയുകയും എണ്ണവില 100 ഡോളറിനു മുകളിലാകുകയും ചെയ്താൽ സ്റ്റാഗ്‌ഫ്ലേഷൻ (മാന്ദ്യവും പണപ്പെരുപ്പവും ഒന്നിച്ചു വരുന്ന അവസ്ഥ) ഉണ്ടാകും.യുദ്ധം നീളുന്നതു ഗൾഫ് രാജ്യങ്ങളിലെ വളർച്ചയെ സാരമായി ബാധിക്കും. ഒരു കോടിയിലധികം പ്രവാസി ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നു. അവരിൽ നിന്നുള്ള വരവ് കുറയുന്നത് ഇന്ത്യക്കു ക്ഷീണമാകും. യുദ്ധം നീണ്ടാൽ ഇന്ത്യയിൽ നിന്നു ഗൾഫിലേക്കുള്ള കയറ്റുമതി തടസപ്പെടും. അതും ഇന്ത്യക്കു തിരിച്ചടിയാകും. ഗൾഫ് മേഖലയിൽ ഇന്ത്യൻ കമ്പനികൾക്കു കിട്ടിയിട്ടുള്ള വലിയ നിർമാണ കരാറുകൾക്കും ക്ഷീണമാകും. യുദ്ധം വേഗം തീർന്നാൽ പുനർനിർമാണ ജോലികളും മറ്റും കിട്ടുകയും ചെയ്യും.

യുദ്ധം യു.എ.ഇ.യുടെയും മറ്റു ഗൾഫു രാജ്യങ്ങളുടെയും വളർച്ചസ്വപ്നത്തിനു ചെറുതല്ലാത്ത ആഘാതം ഏൽപിച്ചു ശാന്തമായ നാട് എന്ന ഖ്യാതി നഷ്ടമാകുന്നു. വ്യോമയാനത്തിലും ടൂറിസത്തിലും മാത്രമല്ല ഇതു നഷ്ടം വരുത്തുന്നത്. ധനകാര്യ കേന്ദ്രം എന്ന നിലയിലെ ദുബായിയുടെ വളർച്ചയും ദുബായിയിലേക്കുള്ള മൂലധന പ്രവാഹവും തടസപ്പെടുത്തുന്നതാണ് ആക്രമണങ്ങൾ.സ്വസ്ഥജീവിതം ആഗ്രഹിക്കുന്ന മുതിർന്ന പ്രായക്കാരായ അതിസമ്പന്നരെയും ഉല്ലാസം ആഗ്രഹിക്കുന്ന സമ്പന്ന ചെറുപ്പക്കാരെയും ആകർഷിക്കൽ അതിൻ്റെ ഒരു ഭാഗം. നിർമിതബുദ്ധി അടക്കമുള്ള ഉച്ച സാങ്കേതിക വിദ്യയുടെ കേന്ദ്രമാകുന്നതു മറ്റൊരു ഭാഗം. സാങ്കേതികമായി ഏറ്റവും മികച്ചതും ഇടപാടുകളുടെ തോതിൽ ഏറ്റവും വലുതുമായ ധനകാര്യ തലസ്ഥാനമായി ഗൾഫിനെ മാറ്റുന്നത് അടുത്ത ഭാഗം. സിംഗപ്പുരിനും ലണ്ടനും ന്യൂയോർക്കിനും ബദലായി ദുബായിയെ ഉയർത്താനുള്ള ശ്രമങ്ങൾ അതിൽ പെടുന്നു. യുദ്ധം ഒരാഴ്ച പിന്നിടും മുമ്പേ ഈ മോഹങ്ങൾക്ക് ആഘാതം ഏറ്റു തുടങ്ങി. ഏതു വിധേനയും ദുബായിയിൽ നിന്നു രക്ഷപ്പെടാൻ ദശലക്ഷങ്ങൾ മുടക്കി വാടക വിമാനങ്ങൾ തേടുകയാണ് അതി സമ്പന്നർ. യുദ്ധത്തിൻ്റെ നഷ്‌ടം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു