ലക്ഷ്യം വികസിത കേരളം ; കേരളത്തെ പെട്രോകെമിക്കല്‍ ഹബ്ബ് ആക്കും: പ്രധാനമന്ത്രി  

ഈ ബഹുമുഖ പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഉജ്ജ്വലമായ ഭാവിയിലേക്കുള്ള അത്യന്താപേക്ഷിതമായ ചുവടുവെപ്പുകളാണെന്നും ”വികസിത കേരളം’ എന്ന  ലക്ഷ്യം കൈവരിക്കുന്നതില്‍ ഈ പദ്ധതികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊച്ചി: വ്യവസായ മേഖലയ്ക്ക് കുറഞ്ഞ ചിലവില്‍ അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ കഴിയുന്ന തരത്തില്‍ കേരളത്തെ പെട്രോകെമിക്കല്‍ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്ഥാപിക്കുന്ന പോളിപ്രൊപ്പിലീന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം ഉള്‍പ്പെടെ രാജ്യത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പലീന്‍ യൂണിറ്റലൂടെ പെട്രോളിയം മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് ലക്ഷ്യം. പാക്കേജിംഗ്, ടെക്‌സ്‌റ്റൈല്‍, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലകളെ സഹായിക്കുന്നതിനായി പ്രതിവര്‍ഷം നാല് ലക്ഷം ടണ്‍ ഉല്‍പ്പാദനമാണ് ഈ യൂണിറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ‘സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിനും ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്കും പെട്രോളിയം മേഖലയുടെ വികസനം അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  ഇന്ത്യയെ ആഗോള നിര്‍മ്മാണസാങ്കേതിക ഹബ്ബാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി, നിര്‍മ്മിത ബുദ്ധി, സെമികണ്ടക്ടര്‍ മേഖലകളിലെ രാജ്യത്തിന്റെ പുരോഗതിയെ സുസ്ഥിര ഊര്‍ജ്ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൗരോര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് കേരളം മുന്നേറുന്നു എന്നുറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട്  ഫ്‌ലോട്ടിംഗ് സോളാര്‍ പ്രോജക്ടിന് തറക്കല്ലിട്ടു. ധാരാളം ജലാശയങ്ങളുള്ള കേരളത്തിന് ഫ്‌ളോട്ടിംഗ് സോളാര്‍ പവര്‍  മേഖലയില്‍ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ കേരളം ഇനിയും മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയിലൂടെയും റെയില്‍വേ വൈദ്യുതീകരണത്തിലൂടെയും പ്രാദേശിക കണക്റ്റിവിറ്റിയില്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ച  വിശദീകരിച്ച പ്രധാനമന്ത്രി  ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങളും, പുതിയ പാലക്കാട്  പൊള്ളാച്ചി ട്രെയിന്‍ സര്‍വീസും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ യാത്രാനുഭവത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപാസ് ഉള്‍പ്പെടെയുള്ള പുതിയ ആറുവരി പാതകളും അഴീക്കല്‍ തുറമുഖത്തേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയും യാത്രാസമയവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. ‘ഈ പദ്ധതികളെല്ലാം കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതിനൊപ്പം ഇവിടുത്തെ ടൂറിസം മേഖലയ്ക്കും മറ്റ് വ്യവസായങ്ങള്‍ക്കും വലിയ ഉണര്‍വ് നല്‍കുമെന്നും പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിക്കുന്ന ഓരോ രൂപയും യുവാക്കള്‍ക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിക്കും. ഈ ബഹുമുഖ പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഉജ്ജ്വലമായ ഭാവിയിലേക്കുള്ള അത്യന്താപേക്ഷിതമായ ചുവടുവെപ്പുകളാണെന്നും ”വികസിത കേരളം’ എന്ന  ലക്ഷ്യം കൈവരിക്കുന്നതില്‍ ഈ പദ്ധതികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി, കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാത് അര്‍ലേക്കര്‍, ഹൈബി ഈഡന്‍ എം.പി, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു