28 നഗരങ്ങളില്‍ 39 ആശുപത്രികള്‍ ; വിദഗ്ധ ആരോഗ്യസേവനങ്ങള്‍ മെട്രോ ഇതര നഗരങ്ങളില്‍ കൂടി വ്യാപിപ്പിക്കാന്‍ പദ്ധതി
കൊച്ചി : രാജ്യത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനം പൂര്‍ത്തിയായി ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്’ എന്ന പുതിയ സംയുക്ത സ്ഥാപനം നിലവില്‍ വന്നു. മെട്രോ നഗരങ്ങള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്കും ലോകോത്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ചെയര്മാന് ഡോ. ആസാദ് മൂപ്പന്, മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്ന എന്നിവര്‍ പറഞ്ഞു. ലയനം പൂര്‍ത്തിയായതോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, കെയര്‍ ഹോസ്പിറ്റല്‍സ്, എവര്‍കെയര്‍, കിംസ്ഹെല്‍ത്ത് എന്നീ നാല് പ്രമുഖ ബ്രാന്‍ഡുകള്‍ ഒരൊറ്റ കുടക്കീഴിലായി. വലിയ സ്ഥാപനങ്ങളുടെ ഒത്തുചേരല്‍ എന്നതിലുപരി, വിദഗ്ധ ചികിത്സയും അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന വലിയ ദൗത്യത്തിന്റെ തുടക്കമാണിതെന്ന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
28 നഗരങ്ങളിലായി 39 ആശുപത്രികളും 10,600ലധികം കിടക്കകളുമുള്ള ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍, നാഗ്പൂര്‍, ഔറംഗാബാദ്, വിജയവാഡ, ഗുണ്ടൂര്‍, ഭുവനേശ്വര്‍, റായ്പൂര്‍, നാഗര്‍കോവില്‍, കോലാപ്പൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടക്കല്‍ എന്നിവയുള്‍പ്പെടെ ഭാരതത്തിലെ രണ്ടാനിര,മൂന്നാംനിര പട്ടണങ്ങളിലുടനീളം സ്പെഷ്യലിസ്റ്റ് പരിചരണം, നൂതന ചികിത്സ, അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേകം ഊന്നല്‍ നല്‍കും. സങ്കീര്‍ണ്ണമായ ചികിത്സകള്‍ക്ക് മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളിലേക്കുള്ള രോഗികളുടെ വരവിനെ കുറയ്ക്കാനാകും. നിലവിലുള്ള ആശുപത്രികളില്‍ ഉള്‍പ്പെടെ കൂടുതല്‍ നിക്ഷേപം നടത്തി അത്യാധുനിക സാങ്കേതിക വിദ്യകളും അതിവിദഗ്ദ ചികിത്സാ രീതികളും സാധാരണക്കാര്‍ക്കുകൂടി താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുമെന്നും ഇവര്‍ പറഞ്ഞു. രണ്ട് ആരോഗ്യ സംരക്ഷണ ശൃംഖലകളുടെ ലയനമെന്നതിലുപരി, ഒരേ മൂല്യങ്ങള്‍, ക്ലിനിക്കല്‍ മികവ്, മികവുറ്റ മെഡിക്കല്‍ വൈദഗ്ദ്ധ്യം, രോഗി പരിചരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ ഒത്തുചേരല്‍ കൂടിയാണിതെന്നും, മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതല്‍ കരുത്തുറ്റതും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ളതും മികച്ച നിലവാരമുള്ളതുമായ ഒരു ആശുപത്രി ശ്രൃംഖലയാണിതെന്നും ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ എക്സിക്യൂട്ടീവ് ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.ആസ്റ്റര്‍ ക്വാളിറ്റി കെയറില്‍, ഓരോ തീരുമാനത്തിന്റെയും കേന്ദ്രബിന്ദു രോഗികളും അവരുടെ കുടുംബങ്ങളും ആയിരിക്കും. ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധ്യമായ പരിഹാരങ്ങളും ഉയര്‍ന്ന നിലവാരമുള്ള ക്ലിനിക്കല്‍ ഫലങ്ങളും ഇതില്‍ ഉള്പ്പെടുമെന്ന്ഒന്നിച്ചുള്ള സ്ഥാപനത്തിന്റെ മുന്‍ഗണനകളെക്കുറിച്ച് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്ന പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ കിടക്കകളുടെ എണ്ണം 15000-ല്‍ അധികമാകുമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 45000 ത്തിലധികമാകുമെന്നും ഇവര്‍ പറഞ്ഞു. ഇരു ഗ്രൂപ്പുകളുടെയും ലയനം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും പുത്തന്‍ ഉണര്‍വ്വേകും.

