കൊച്ചി: പ്രവാസി മലയാളികളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ലുഎംസി) മുപ്പതാമത് അന്താരാഷ്ട്ര വാര്‍ഷിക സമ്മേളനം 2026 ഓഗസ്റ്റ് 21 മുതല്‍ 24 വരെ അമേരിക്കയിലെ ടെക്‌സാസിലുള്ള ഡാളസില്‍ നടക്കുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.ബി.ബോസ് ,ഇന്ത്യ റീജിയണ്‍ ചെയര്‍മാന്‍ അഡ്വ.കെ.വി.സാബു, ഇന്ത്യ റീജിയണ്‍ പ്രസിഡന്റ് അഡ്വ.എം.ജി.ശ്രീജിത്ത്,കേരള കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ആശ പോള്‍ എന്നിവര്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വൈവിധ്യമാര്‍ന്ന സെമിനാറുകള്‍, ചര്‍ച്ചാ സംഗമങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കും.പ്രവാസി സമൂഹത്തിന്റെയും, ആഗോള മലയാളി സമൂഹത്തിന്റെയും ഉന്നമനത്തിനും ഐക്യദാര്‍ഢ്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബല്‍ സമ്മേളനമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. 1995-ല്‍ ന്യൂജേഴ്‌സിയില്‍ രൂപംകൊണ്ട സംഘടനയ്ക്ക് 40-ല്‍പരം രാജ്യങ്ങളില്‍ ശക്തമായ സംഘടനാ സാന്നിധ്യമുണ്ട്. ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള (യു.എസ്.എ), ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി (യു.എ.ഇ), ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ് (യു.എ.ഇ), ഗ്ലോബല്‍ ട്രഷറര്‍ ശശികുമാര്‍ നായര്‍ (ഇന്ത്യ) നൈനാന്‍ മത്തായി (ഫിലാഡല്‍ഫിയ), പ്രൊഫ. സാം മണ്ണരിക്കോട് (ന്യൂയോര്‍ക്ക്), ജോളി പെരിയാറ്റില്‍ (ജര്‍മ്മനി), ബാബു തളങ്ങട്ടില്‍ (ബഹ്‌റൈന്‍), അഡ്വ. എം. ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും സംഘാടകര്‍ പറഞ്ഞു. 15-ാമത് ദ്വിവത്സര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തില്‍ 15 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കൂടാതെ 25 ആദിവാസി (വനവാസി) കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയും പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡാളസ് ഗ്ലോബല്‍ സമ്മേളനത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡുകളും പ്രഖ്യാപിച്ചു.
ജീവകാരുണ്യ രംഗത്തെ പ്രമുഖനും പേസ് എജ്യുക്കേഷന്‍ ഗ്രൂപ്പ് സ്ഥാപകനുമായിരുന്ന പരേതനായ ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘ഹ്യൂമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡ് ഗാന്ധിഭവന്‍ അഭയകേന്ദ്രങ്ങളുടെ സ്ഥാപകനായ പുനലൂര്‍ സോമരാജന് സമ്മാനിക്കും. യു.എ.ഇ, ഇന്ത്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന, 20,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ ചെയര്‍മാനായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് ഈ പുരസ്‌കാരം. കൂടാതെ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എന്‍കോഴ്‌സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ മൊബി കവരെയത്ത് ബാബുവിന് നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

