സ്വാവലംബൻ 2026-ൽ പ്രഖ്യാപനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
കൊച്ചി : പ്രതിരോധ മേഖലയിൽ അടുത്ത തലമുറ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന ‘ആത്മനിർഭരത 2.0’ പദ്ധതി ആഹ്വാനം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ നാവികസേനയുടെ അഞ്ചാമത് നവീകരണ-സ്വദേശിവത്കരണ സെമിനാറായ ‘സ്വാവലംബൻ 2026’ (SWAVLAMBAN 2026) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത ഭാരതം@2047 ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അത്യാധുനിക സാങ്കേതികവിദ്യ വികസനം, ശക്തമായ ഗവേഷണ-വികസന (R&D) അന്തരീക്ഷം, ചെലവുകുറഞ്ഞ ഉൽപ്പാദനം, ശക്തമായ വിതരണ ശൃംഖല (Supply Chain) എന്നിവയ്ക്ക് ഊന്നൽ നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സായുധ സേനകൾക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും ഒരുപോലെ പ്രയോജനപ്പെടുന്ന സിവിൽ-മിലിട്ടറി ‘ഡ്യുവൽ ടെക്നോളജി റോഡ്മാപ്പ്’ തയാറാക്കണമെന്ന് പ്രതിരോധ മന്ത്രി നിർദ്ദേശിച്ചു. പ്രതിരോധ ഗവേഷണത്തിൽ പരാജയങ്ങളെ സ്വാഭാവികമായി കണ്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും നിക്ഷേപവും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസാരിച്ച നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, 2022 മുതൽ സ്വാവലംബൻ കൈവരിച്ച വളർച്ച ചൂണ്ടിക്കാട്ടി. നാവികസേനയുമായി ബന്ധപ്പെട്ട ഐഡെക്സ് (iDEX) വെല്ലുവിളികൾ 229 ആയി ഉയർന്നുവെന്നും, 1,900 കോടിയിലധികം രൂപയുടെ 25 കരാറുകൾ ഇതിനകം ഒപ്പുവെച്ചുവെന്നും 3,500 കോടിയുടെ അംഗീകാരം ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ, സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി, കരസേനാ മേധാവി ജനറൽ ധീരജ് സേഥ് എന്നിവരുൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

