കൊച്ചി: ഇന്ത്യയുടെ അന്താരാഷ്ട്ര റേസിങ് താരം ആദിത്യ പട്നായിക്കിന് അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യ വിജയം. മലേഷ്യയിലെ പ്രശസ്തമായ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഗോള്‍ഡ് വിയോസ് ചാമ്പ്യന്‍ഷിപ്പ് മലേഷ്യയുടെ മൂന്നാം റൗണ്ടില്‍ സ്പോര്‍ട്ടിങ് ക്ലാസ് വിഭാഗത്തിലാണ് മുംബൈ സ്വദേശിയായ ഈ ഇരുപതുകാരന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദിത്യക്ക് 15,000 മലേഷ്യന്‍ റിംഗിറ്റ് സമ്മാനത്തുകയായി ലഭിച്ചു. തന്റെ കന്നി അന്താരാഷ്ട്ര കാര്‍ റേസിങ് സീസണില്‍ തന്നെ മികച്ച പ്രകടനമാണ് ആദിത്യ നടത്തുന്നത്. മൂന്നാം റൗണ്ടിലെ ആദ്യ റേസില്‍ മൂന്നാം സ്ഥാനത്തെത്തിയ താരം, തുടര്‍ന്ന് നടന്ന രണ്ടാം റേസില്‍ ഒന്നാം സ്ഥാനം നേടിയാണ് പോഡിയത്തില്‍ ഉന്നത വിജയം ഉറപ്പിച്ചത്. മുന്‍ എഫ്.വണ്‍ ്രൈഡവര്‍ അലക്സ് യങ്ങിന്റെ ടീം ആക്സല്‍ സ്പോര്‍ട്സിന് വേണ്ടിയാണ് റയോ റേസിങിന്റെ ആദിത്യ മത്സരരംഗത്തിറങ്ങിയത്. മഴയും പ്രതികൂല കാലാവസ്ഥയും കാരണം യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനം മാത്രമാണ് നേടാനായതെങ്കിലും, ആവേശകരമായ പോരാട്ടത്തിലൂടെ ആദിത്യ തിരിച്ചുവരവ് നടത്തുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഒരു റൗണ്ട് മാത്രം ശേഷിക്കെ 88 പോയിന്റോടെ നിലവില്‍ മൂന്നാം സ്ഥാനത്താണ് താരം. 2023ലെ എഫ്.എം.എസ്.സി.ഐ നാഷണല്‍ കാര്‍ട്ടിങ് ചാമ്പ്യനായ ആദിത്യ, കഴിഞ്ഞ വര്‍ഷം ഒരു വാഹനാപകടത്തില്‍ കൈക്ക് പരിക്കേറ്റ് മാസങ്ങളോളം വിശ്രമത്തിലായിരുന്നു.

