തിരുനാവായ മഹാമാഘ മഹോത്സവം 2027: മാതാ അമൃതാനന്ദമയി മുഖ്യ രക്ഷാധികാരി, സ്വാഗതസംഘം ചെയര്‍മാന്‍ മെട്രാമാന്‍ ഇ. ശ്രീധരന്‍

തിരുനാവായ മഹാമാഘ മഹോത്സവം 2027-ന്റെ സ്വാഗതസംഘം രൂപീകരണത്തിന്റെ പ്രഖ്യാപനം കൊച്ചിയില്‍ കേരള മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍  ചിദാനന്ദപുരി സ്വാമികള്‍ നടത്തുന്നു. സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, അതുല്യാമൃത പ്രാണ മാതാജി ,സ്വാമി ഡോ.ധര്‍മ്മാനന്ദ ,സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ഗുരുദാസാനന്ദ സരസ്വതി,സ്വാമി ശിവസ്വരൂപാനന്ദ, തുടങ്ങിയവര്‍ സമീപം.
കൊച്ചി :  തിരുനാവായയില്‍ 2027 ജനുവരി 22 മുതല്‍ ഫെബ്രുവരി 21 വരെ സംഘടിപ്പിച്ചിരിക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ മുഖ്യ രക്ഷാധികാരിയായി മാതാ അമൃതാനന്ദമയിയും, സ്വാഗതസംഘം ചെയര്‍മാനായി മെട്രോമാന്‍ ഇ.ശ്രീധരനും പ്രവര്‍ത്തിക്കുമെന്ന് കൊച്ചി കലൂര്‍ പാവക്കുളം ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍  ചിദാനന്ദപുരി സ്വാമികള്‍  അറിയിച്ചു. ഈമാസം (നവംബര്‍ 12) പന്ത്രണ്ടിന് തിരുനാവായില്‍  രാവിലെ നൂറ്കണക്കിന് സന്യാസിമാരുടെ നേതൃത്വത്തില്‍ ബൃഹത്ത് സമ്മേളനവും തുടര്‍ന്ന് വൈകിട്ട് നാലിന് സ്വാഗതസംഘം രൂപീകരണവും നടക്കും. കാഞ്ചി കാമകോടി പീഠാധിപതി ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ആചാര്യന്മാരുടെ സാന്നിധ്യം ഈ ചടങ്ങുകളില്‍ ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കേരളത്തിലെ ഹൈന്ദവ സമൂഹത്തെയും ആചാര്യന്മാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് ചിദാനന്ദപുരി സ്വാമികള്‍  വ്യക്തമാക്കി. 2016 മുതല്‍ മികച്ച നിലയില്‍ നടന്നുവരുന്ന മഹാമാഘം ഇത്തവണ കൂടുതല്‍ ജനകീയമാക്കാനും വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഭാരതപ്പുഴയുടെ ഇരു കരകളിലുമായുള്ള തിരുനാവായ, തവനൂര്‍ പ്രദേശങ്ങളിലെ സന്യാസി ശ്രേഷ്ഠന്മാരുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും പൂര്‍ണ്ണ പങ്കാളിത്തത്തോടെയാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
വാര്‍ത്താ സമ്മേളനത്തില്‍ കേരള മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമികള്‍ക്ക് പുറമെ ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, കേരളത്തിലെ വിവിധ സന്യാസ മഠങ്ങളെ പ്രതിനിധീകരിച്ച് അതുല്യാമൃത പ്രാണമാതാജി (മാതാ അമൃതാനന്ദമയി മഠം), സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ (തീര്‍ത്ഥപാദാശ്രമം), സ്വാമി ഡോ. ധര്‍മ്മാനന്ദ (രാമാനന്ദാശ്രമം), സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി (ദയാനന്ദാശ്രമം), സ്വാമി ഗുരുദാസാനന്ദ സരസ്വതി (ശ്രീരാമദാസ മിഷന്‍), സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ (ഇരുവരും ശിവഗിരി മഠം) എന്നീ പ്രമുഖ സന്യാസ വര്യന്മാരും പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു