റബര്‍ കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ വീഡിയോ പരമ്പരയുമായി ഇന്റോഡും റബര്‍ ബോര്‍ഡും

കൊച്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇന്റോഡ് പദ്ധതിയിലുള്‍പ്പെട്ട റബര്‍ കൃഷി വിജയകരമായി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി മികച്ച റബര്‍ ഉല്‍പ്പാദനത്തിനും സംസ്‌കരണത്തിനുമായി ബോധവല്‍ക്കരണ വീഡിയോ പരമ്പര പുറത്തിറക്കി. ഇന്റോഡ്, റബര്‍ ബോര്‍ഡ് എന്നിവയുടെ സംയുക്ത സംരംഭമായ ‘ഐസ്പീഡ്’ (ഇന്റോഡ് സ്‌കില്ലിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ എഫിഷ്യന്‍സി എന്‍ഹാന്‍സ്‌മെന്റ് ഡ്രൈവ്) പദ്ധതിയുടെ ഭാഗമായാണ് 150 കോടി രൂപയുടെ ഈ സമഗ്ര നൈപുണ്യ വികസന പരിപാടി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
റബര്‍ ടാപ്പിങ്, റെയിന്‍ ഗാര്‍ഡിങ്, ഗ്രേഡിങ്, ഷീറ്റ് നിര്‍മ്മാണം, ശാസ്ത്രീയ സ്‌മോക്ക് ഹൗസുകള്‍ എന്നിവ പ്രതിപാദിക്കുന്ന വീഡിയോ പരമ്പര റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ പുറത്തിറക്കി. റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ.സിജു ടി.നായര്‍, റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ടയര്‍ വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍ഷകരിലേക്ക് വിവരങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി മലയാളം, അസമീസ്, ബംഗാളി, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് വീഡിയോകള്‍ തയ്യാറാക്കിയിരിക്കുന്നത്. റബര്‍ ബോര്‍ഡിന്റെയും റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സാങ്കേതിക സഹായത്തോടെ ആനിമേഷനും തത്സമയ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും റബറിന് മികച്ച വില ഉറപ്പാക്കാനും ഈ ബോധവല്‍ക്കരണം സഹായിക്കുമെന്ന് ഇന്റോഡ് പ്രോജക്ട് ചെയര്‍മാന്‍ മോഹന്‍ കുര്യന്‍, ആത്മ സപ്ലൈ ചെയിന്‍ ഗ്രൂപ്പ് കണ്‍വീനര്‍ സഞ്ജീവ് സക്‌സേന, പ്രോജക്ട് കോര്‍ഡിനേറ്റര്‍ മുരളിഗോപാല്‍ എന്നിവര്‍ വ്യക്തമാക്കി.
അപ്പോളോ ടയേഴ്‌സ്, സിഎടി, ജെകെ ടയര്‍, എംആര്‍എഫ് എന്നീ മുന്‍നിര കമ്പനികളുടെ പിന്തുണയോടെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ 113 ജില്ലകളിലായി 1.8 ലക്ഷം ഹെക്ടറിലാണ് ഇന്റോഡ് പദ്ധതി വഴി പുതിയ റബര്‍ തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു