ജന്മനാ ഹൃദ്രോഗങ്ങളും റുമാറ്റിക് ഹൃദ്രോഗവും ബാധിച്ച കുട്ടികള്‍ക്കാണ് സമഗ്രമായ സൗജന്യ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുക
കൊച്ചി : ആതുര സേവന രംഗത്ത് രാജ്യത്ത് ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചിട്ടുള്ള അമൃത ആശുപത്രി വീണ്ടും ശ്രദ്ധേയമായ കാല്‍വയ്പ്പുമായി മുന്നോട്ട് വന്നിരിക്കുന്നു. ഒഡിഷ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അമൃത ആശുപത്രി സൗജന്യ ഹൃദയ പരിശോധന, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള വിലയിരുത്തല്‍, ഹൃദയ ശസ്ത്രക്രിയ, കത്തീറ്റര്‍ അധിഷ്ഠിത ചികിത്സ, മരുന്നുകള്‍, ആശുപത്രിവാസം, ശസ്ത്രക്രിയാനന്തര ചികിത്സ, തുടര്‍പരിചരണം എന്നിവ പൂര്‍ണമായും സൗജന്യമായി നല്‍കും.ജന്മനാ ഹൃദ്രോഗങ്ങളും റുമാറ്റിക് ഹൃദ്രോഗവും ബാധിച്ച കുട്ടികള്‍ക്കാണ് സമഗ്രമായ സൗജന്യ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുക.ഇതിനായി ഒഡിഷ സര്‍ക്കാരും കൊച്ചി അമൃത ആശുപത്രിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.ഒഡിഷ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ.മുകേഷ് മഹാലിംഗ്, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമായ എസ്.അശ്വതി ഐഎഎസ്. എന്നിവരുടെ സാന്നിധ്യത്തില്‍ ഭുവനേശ്വറിലെ ഖരവേല ഭവനില്‍ നടന്ന ചടങ്ങില്‍ ഓഡിഷ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് വേണ്ടി ദേശീയ ആരോഗ്യ ദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഡയറക്ടര്‍ ഡോ.ഡി.ബൃന്ദ ഐഎഎസ്സും അമൃത ആശുപത്രിക്കു വേണ്ടി പീഡിയാട്രിക് ആന്‍ഡ് അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ.പി.കെ.ബ്രിജേഷും തമ്മില്‍ ഇതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഒഡിഷയിലെ വിവിധ ജില്ലകളില്‍, പ്രത്യേകിച്ച് ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍, ഹൃദ്രോഗബാധിതരായ കുട്ടികളെ കണ്ടെത്തുന്നതിനായി ഹൃദ്രോഗ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും, ശിശു ഹൃദ്രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും രോഗനിര്‍ണയത്തിനും പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിനുമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്നും, സമൂഹത്തിലും പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരിലും ബോധവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നും ഡോ.ഡി.ബൃന്ദ ഐഎഎസ് പറഞ്ഞു.
‘അമൃത ആശുപത്രി ഓരോ വര്‍ഷവും ഹൃദ്രോഗ നിര്‍ണയ ക്യാമ്പുകളിലൂടെ 2,000-ത്തിലധികം കുട്ടികളെ നേരിട്ട് പരിശോധിക്കുന്നുണ്ട്. ഇവരില്‍ 750-ലധികം കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയോ കത്തീറ്റര്‍ അധിഷ്ഠിത ചികിത്സയോ നല്‍കുന്നുണ്ട്. സാധാരണയായി രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ ചെലവ് വരുന്ന ഈ ചികിത്സകള്‍ ഒഡിഷ സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ സംസ്ഥാനത്തെ കൂടുതല്‍ കുട്ടികള്‍ക്ക് സൗജന്യമായി ലഭ്യമാക്കാന്‍ കഴിയുമെന്ന് ഡോ.ആര്‍.കൃഷ്ണകുമാര്‍ പറഞ്ഞു.

