വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ആഗോള ദ്വൈവാര്‍ഷിക സമ്മേളനം സമാപിച്ചു

കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യൂഎംസി) 15ാമത് ആഗോള ദ്വൈവാര്‍ഷിക സമ്മേളനം അമേരിക്കയിലെ ഡാളസില്‍ സമാപിച്ചു. സംഘടനയുടെ 30-ാം വാര്‍ഷികാഘോഷത്തിനും സമ്മേളനം വേദിയായി. ഓഗസ്റ്റ് 21ന് ഡാളസിലെ വിന്‍ഡം ഡിഎഫ്ഡബ്ല്യൂവില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

ഫ്രാന്‍സിസ് ജോര്‍ജ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോള മലയാളി സമൂഹത്തിന്റെ ഐക്യം, നേതൃത്വ വികസനം, യുവതലമുറയുടെ പങ്കാളിത്തം, സാമൂഹിക പ്രതിബദ്ധത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രൊഫ. സാം മണ്ണിക്കരോട്ടിലും മെഴ്‌സി തടത്തിലിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ സുവനീറും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പ്രകാശനം ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള അധ്യക്ഷത വഹിച്ചു. ഹൂസ്റ്റണിലെ 240-ാമത് ജുഡീഷ്യല്‍ ജില്ലാ കോടതി ജഡ്ജി സുരേന്ദ്രന്‍ കെ. പട്ടേല്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്ലോബല്‍ കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ രാജേഷ് പിള്ള, അമേരിക്ക റീജിയന്‍ പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി. സാബു, ആതിഥേയ പ്രൊവിന്‍സ് പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ പ്രതിനിധികള്‍ കേരളീയ പരമ്പരാഗത വേഷങ്ങളണിഞ്ഞ് പങ്കെടുത്തു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക എന്നീ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ വിവിധ രാജ്യങ്ങളുടെ പതാകകളേന്തി ഘോഷയാത്രയില്‍ അണിനിരന്നു.

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ‘വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റണ്‍ അവാര്‍ഡ്’ ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ്, പത്തനാപുരത്തിന്റെ സ്ഥാപകനും സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന് സമ്മാനിച്ചു. അദ്ദേഹത്തിനുവേണ്ടി ഫിലഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ് നൈനാന്‍ മത്തായി പുരസ്‌കാരം ഏറ്റുവാങ്ങി.

2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജോണ്‍ മത്തായി (ഗ്ലോബല്‍ ചെയര്‍മാന്‍) ജോളി തടത്തില്‍ (ഗ്ലോബല്‍ പ്രസിഡന്റ്) ക്രിസ്റ്റഫര്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (ട്രഷറര്‍) ഗ്രിഗറി മേടയില്‍ വൈസ് പ്രസിഡന്റ് (അഡ്മിന്‍) രാജേഷ് പിള്ളയും ഡോ. പി.ബി. ബോസ് (ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റുമാര്‍) യോഗത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു