കേരള ടൂറിസത്തിന് വ്യവസായ പദവി ഉടന്‍; മന്ത്രി പി.സി.വിഷ്ണുനാഥ്

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന 'തുഷാര്‍' മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാമത് എഡിഷന്റെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു. മനോജ് എം. വിജയന്‍, ഓസ്റ്റിന്‍ ബെന്നന്‍, സ്നോജ് മച്ചിങ്ങല്‍, ഡെന്നി ജോസ്,ഷാജി കല്ലായി, ഷിജോ ജോര്‍ജ് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ സമീപം.

‘ തുഷാര്‍’ മെഗാ ടൂറിസം ബി2ബി മീറ്റിന് കൊച്ചിയില്‍ ഉജ്ജ്വല തുടക്കം

കൊച്ചി: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി (Industry Status) നല്‍കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് ഔദ്യോഗികമായി യാഥാര്‍ത്ഥ്യമാകുമെന്നും സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കേരളൈറ്റ്സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം (കെ.ടി.ടി.സി) കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ‘തുഷാര്‍’ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ പദവി ലഭിക്കുന്നതിലൂടെ ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും നിക്ഷേപകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പിന്തുണയും ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് ടൂറിസം മേഖലയെ ഉണര്‍ത്തുന്നതിനായി ആരംഭിച്ച ‘തുഷാര്‍’ മേളയ്ക്ക് അഞ്ചാം എഡിഷനില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം നല്‍കിയതായും, വരും വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിലും വലിയ പിന്തുണയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഉള്‍ക്കൊള്ളല്‍ ശേഷി (Carrying Capacity) നിറഞ്ഞ സാഹചര്യത്തില്‍ പുതിയ ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയുര്‍വേദം, മെഡിക്കല്‍ വാല്യൂ ട്രാവല്‍, അഡ്വഞ്ചര്‍, ഹെറിറ്റേജ്, വെല്‍നസ് തുടങ്ങി എല്ലാ ടൂറിസം ഉല്‍പ്പന്നങ്ങളെയും ആഗോളതലത്തില്‍ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനൊപ്പം, ആഗോളതലത്തില്‍ ശ്രദ്ധനേടുന്ന ‘സ്ലോ ട്രാവല്‍’ (Slow Travel) സങ്കല്‍പ്പത്തിന് ഏറ്റവും അനുയോജ്യമായ ഇടമായി കേരളത്തെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബ് ട്രാവല്‍ മാര്‍ക്കറ്റ്, ഐ.ടി.ബി ഏഷ്യ, ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ കേരളം മികച്ച സാന്നിധ്യം അറിയിച്ചതായും, മണ്‍സൂണ്‍ ടൂറിസത്തിലൂടെ അറബ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ഹോട്ടലുകളുടെ ബുക്കിംഗ് സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച സൈബര്‍ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. സൈബര്‍ സുരക്ഷാ ചുമതലയുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ കേരള പോലീസ് വിഷയം ഗൗരവത്തോടെ ഏറ്റെടുത്ത് പരിഹരിച്ചുവരികയാണെന്നും, ഇത്തരം വെല്ലുവിളികളെ ജാഗ്രതയോടെ നേരിട്ട് ടൂറിസം മേഖലയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഥമ തുഷാര്‍ സുവനീറിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

മുന്നൂറോളം സ്റ്റാളുകളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തിലധികം പ്രതിനിധികളും ട്രാവല്‍-ടൂര്‍ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന ദ്വിദിന മേളയാണ് ‘തുഷാര്‍’. ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി പ്രസിഡന്റ് മനോജ് എം. വിജയന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹിയായ ഓസ്റ്റിന്‍ ബെന്നന്‍, സ്നോജ് മച്ചിങ്ങല്‍, ഡെന്നി ജോസ്,ഷാജി കല്ലായി, ഷിജോ ജോര്‍ജ് എന്നിവരും, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് പ്രമുഖ വ്യവസായ പ്രതിനിധികളും ചടങ്ങില്‍ പ്രസംഗച്ചു.
നവംബര്‍ 28-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ് ജോര്‍ജ് കുളങ്ങര,സുജിത് ഭക്തന്‍, ഹാരിസ് അമീറലി തുടങ്ങിയവര്‍ പ്രസംഗിക്കും.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക