കൊച്ചി: രാജ്യത്തെ ചെറുകിട സംരംഭങ്ങൾക്ക് 20 ലക്ഷം വായ്പകൾ ലഭ്യമാക്കുന്നതിന് സഹായിച്ചതായി ഫോൺപേ ലെൻഡിങ് (PhonePe Lending) അറിയിച്ചു. 2023-ൽ മർച്ചന്റ് ലെൻഡിങ് സേവനം ആരംഭിച്ച ശേഷം പ്രമുഖ ബാങ്കുകളുടെയും എൻ.ബി.എഫ്.സികളുടെയും (NBFC) പങ്കാളിത്തത്തിലൂടെയാണ് ഈ വായ്പകൾ വിതരണം ചെയ്തത്. നിലവിൽ രാജ്യത്തെ 97 ശതമാനത്തോളം പിൻകോഡുകളിലേക്ക് ഈ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.
ലഭ്യമാക്കിയ വായ്പകളിൽ 60 ശതമാനത്തിലധികവും ടയർ-2 നഗരങ്ങളിലും അതിനപ്പുറമുള്ള പ്രദേശങ്ങളിലുമാണ്. വായ്പ ലഭിച്ച സംരംഭകരിൽ 15 ശതമാനം പേർ ആദ്യമായി വായ്പാ സൗകര്യം (New-to-Credit) പ്രയോജനപ്പെടുത്തുന്നവരാണ്. ഗ്രാമീണ മേഖലകളിലെ ടയർ-5, ടയർ-6 പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമായി ആകെ വായ്പകളുടെ മൂന്നിലൊന്നും ലഭ്യമായിട്ടുണ്ട്. ‘ഫോൺപേ ഫോർ ബിസിനസ്’ (PhonePe for Business) ആപ്പിലൂടെയും 50,000-ത്തിലധികം ഫീൽഡ് ജീവനക്കാരുടെ ശൃംഖലയിലൂടെയുമാണ് ചെറുകിട വ്യാപാരികൾക്ക് വായ്പാ സേവനങ്ങൾ ലഭ്യമാക്കുന്നത്. വ്യാപാരികളുടെ ദൈനംദിന പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും സ്റ്റോക്ക് വർധിപ്പിക്കാനും ബിസിനസ് വിപുലീകരണത്തിനും ഈ വായ്പകൾ വലിയ പിന്തുണയാകുന്നതായി കമ്പനി വ്യക്തമാക്കി.

