കൊച്ചി : 41-ാമത് ദേശീയ നേത്രദാന വാരാഘോഷങ്ങളുടെയും 16-ാമത് കോർണിയ ആൻഡ് ഐ ബാങ്കിംഗ് ദേശീയ കോൺഫറൻസിന്റെയും ഭാഗമായി ചൈതന്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ‘ചൈതന്യ ഐ റൺ’ (EYE RUN) മാരത്തോൺ സംഘടിപ്പിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എ.പി. ചന്ദ്രൻ കലൂർ ഐ.എം.എ ഹൗസിൽ വച്ച് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. നേത്രദാനത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുകയും കൂടുതൽ ആളുകളെ ഇതിലേക്ക് സന്നദ്ധരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായ ആറാം തവണയാണ് ചൈതന്യ കണ്ണാശുപത്രി ഈ മാരത്തോൺ ഒരുക്കുന്നത്.
അഞ്ച്, പത്ത് കിലോമീറ്റർ വിഭാഗങ്ങളിലായി നടന്ന സന്ദേശ ഓട്ടത്തിൽ 600-ലധികം ആളുകൾ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നേത്രദാന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ചൈതന്യ കണ്ണാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആകർഷകമായ തെരുവ് നാടകവും അവതരിപ്പിച്ചു. ചൈതന്യ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ഹെൽത്ത് കെയർ പ്രൊമോഷൻസ് ഡയറക്ടറുമായ ഡോ. അനിൽകൃഷ്ണൻ നായർ ചടങ്ങിൽ നേത്രദാന സന്ദേശം നൽകി. മാരത്തോൺ വിജയികൾക്കുള്ള സമ്മാനദാനം ചൈതന്യ കണ്ണാശുപത്രി സി.ഒ.ഒ എസ്. രാജരത്തിനം നിർവ്വഹിച്ചു.
കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ്, ചൈതന്യ കണ്ണാശുപത്രി, അനന്ത ഐ ബാങ്ക്, കൊച്ചിൻ ഒഫ്താൽമിക് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച 16-ാമത് കോർണിയ ആൻഡ് ഐ ബാങ്കിംഗ് ദേശീയ കോൺഫറൻസും ഇതോടൊപ്പം വിജയകരമായി സമാപിച്ചു.

