പ്രതിരോധ മേഖലയിലെ എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി നിർണ്ണായക നയങ്ങൾ പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി
കൊച്ചി : പ്രതിരോധ ഗവേഷണ വികസന ബോർഡും (DRDO) വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ‘വിമർശ് 2026’ സംഗമത്തിൽ എം.എസ്.എം.ഇകൾക്കും ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾക്കുമായി നിർണ്ണായക നയപ്രഖ്യാപനങ്ങൾ നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണയും ഡി.ആർ.ഡി.ഒ ടെസ്റ്റിംഗ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിനൊപ്പം സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡുകൾ സുരക്ഷിതമായി കൈമാറുന്നതിനുള്ള പുതിയ ചട്ടക്കൂടും യോഗത്തിൽ പുറത്തിറക്കി.

ചടങ്ങിൽ 13 നിർമ്മാണ പങ്കാളികൾക്കായി 09 സാങ്കേതികവിദ്യാ കൈമാറ്റ കരാറുകളും കൈമാറി. ഒപ്പം ലഘു ഉദ്യോഗ് ഭാരതി , സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സ് എന്നിവയുമായി തന്ത്രപ്രധാന കരാറുകളിലും ഒപ്പുവെച്ചു. 2047-ഓടെ ഇന്ത്യയെ പൂർണ്ണ സ്വയംപര്യാപ്തതയിലേക്കും ആഗോള പ്രതിരോധ ഉൽപ്പാദന കേന്ദ്രത്തിലേക്കും നയിക്കാൻ ചെറുതും വലുതുമായ വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇതുവരെ 1,100-ലധികം സ്ഥാപനങ്ങൾക്കായി 2,300-ലധികം സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ രാജേഷ് കുമാർ സിംഗ് അറിയിച്ചു.

