കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐ ഐ എ) കേരള ചാപ്റ്ററിന്റെ 2026 28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികള്‍ സെപ്റ്റംബര്‍ 19ന് ചുമതലയേല്‍ക്കും. ആര്‍ക്കിടെക്ട് മോണോലിത ചാറ്റര്‍ജി ചെയര്‍പേഴ്സണായും ആര്‍ക്കിടെക്ട് സുധീഷ് സുധര്‍മന്‍ വൈസ് ചെയര്‍പേഴ്സണായും ആര്‍ക്കിടെക്ട് ഷിന്റു ജി ജോര്‍ജ് ഓണററി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കിടെക്ടുമാരായ സജോ ജോസഫും ശാരിഗ ആറും ജോയിന്റ് ഓണററി സെക്രട്ടറിമാരാണ്.
19ന് വൈകിട്ട് നാലിന് പാലാരിവട്ടത്തെ ഹോട്ടല്‍ മണ്‍സൂണ്‍ എംപ്രസില്‍ ഐ ഐ എ കേരള ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് സ്ഥാനാരോഹണച്ചടങ്ങും നടക്കും. ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് മുഖ്യാതിഥിയാകും. ഐ ഐ എ നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ക്കിടെക്ട് ജിതേന്ദ്ര മേത്ത, ഓണററി ട്രഷറര്‍ ആര്‍ക്കിടെക്ട് സുധീര്‍ ബി എന്നിവര്‍ വിശിഷ്ടാതിഥികളാകും. സ്ഥാനമൊഴിയുന്ന ചെയര്‍പേഴ്സണ്‍ വിനോദ് സിറിയക് അധ്യക്ഷത വഹിക്കും.
സ്ഥാനാരോഹണച്ചടങ്ങിന് മുന്നോടിയായി 18, 19 തിയ്യതികളില്‍ ഐ ഐ എ കൊച്ചിന് സെന്ററില്‍ ‘കളരി 3.0’ ദ്വിദിന നേതൃത്വ ക്യാംപ് സംഘടിപ്പിക്കും. ‘ട്രെയിന്‍ ടുഗെതര്‍, പ്ലാന്‍ ടുഗതര്‍, ലീഡ് ടുഗതര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാംപില്‍ കേരളത്തിലെ 10 ഐ ഐ എ സെന്ററുകളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
ഐ ഐ എ. സെന്ററുകള്‍ തമ്മിലുള്ള ഏകോപനത്തിനായി ‘ലീഡര്‍ഷിപ്പ് നെറ്റ്വര്‍ക്ക്’ രൂപീകരിക്കുന്നതും ക്യാംപിന്റെ ലക്ഷ്യമാണ്. ഹൈബി ഈഡന് എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുല്ല വിശിഷ്ടാതിഥിയാകും. കളരിപ്പയറ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ‘കളരി’ പരിപാടി അച്ചടക്കം, പരിശീലനം, വൈദഗ്ധ്യം, ശക്തി, നേതൃത്വം എന്നീ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്സണ്‍ മോനിത ചാറ്റര്‍ജി, സെക്രട്ടറി ശാരിഗ രവി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ പല്ലങ്കര എന്നിവര്‍ പങ്കെടുത്തു.

