നാല് കിലോ ഭാരമുള്ള അപൂർവ്വ കരൾ ട്യൂമർ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോർ

കൊച്ചി:  24-കാരനായ യുവാവിന്റെ കരളിൽ  വളർന്ന നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ അർബുദ ട്യൂമർ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ദ്ധ ശസ്ത്രക്രിയാ സംഘം സങ്കീർണ്ണമായ ഓപ്പറേഷനിലൂടെ വിജയകരമായി നീക്കം ചെയ്തു. വൈദിക പഠനത്തിന് തയ്യാറെടുക്കുന്ന യുവാവ് കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് കണ്ട ചെറിയ തടിപ്പ് നിസ്സാരമായി കരുതിയെങ്കിലും, പരിശോധനയിലാണ് ചക്കയോളം വലിപ്പമുള്ള അപൂർവ്വ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. വി.പി.എസ് ലേക്‌ഷോറിലെ കോംപ്രഹൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഹെപ്പറ്റോപാങ്ക്രിയാറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടിയുടെ നേതൃത്വത്തിൽ ഡോ. ജോൺ മണിപ്പാടം, ഡോ. ഷഫീഖ്, ഡോ. അരവിന്ദ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് അതീവ വെല്ലുവിളി നിറഞ്ഞ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ആദ്യം വെല്ലൂർ ആശുപത്രിയിൽ പരിശോധന നടത്തിയ രോഗിയുടെ കുടുംബം, ലിവർ കെയറിലെ ഉയർന്ന സൗകര്യങ്ങൾ കണക്കിലെടുത്താണ് തുടർന്നുള്ള ചികിത്സയ്ക്കായി കൊച്ചി വി.പി.എസ് ലേക്‌ഷോറിലേക്ക് മാറിയത്.

യുവാവിനെ ബാധിച്ചത് ന്യൂറോ എൻഡോക്രൈൻ ട്യൂമർ (NET) വിഭാഗത്തിൽപ്പെടുന്ന അർബുദമാണെന്ന് ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടി പറഞ്ഞു. ചെറുകുടലിന്റെ മുകൾഭാഗത്ത് വെറും നാല് ഗ്രാം വലിപ്പത്തിൽ തുടക്കമിട്ട ട്യൂമർ കരളിലേക്ക് പടരുകയും കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് നാല് കിലോഗ്രാമോളം വളരുകയുമായിരുന്നു. ട്യൂമർ കരളിലെ പ്രധാന രക്തക്കുഴലുകളെയും മറ്റ് അവയവങ്ങളെയും അമർത്തിക്കൊണ്ട് സ്ഥിതി ചെയ്തതിനാൽ ശസ്ത്രക്രിയ ഏറെ സങ്കീർണ്ണമായിരുന്നെങ്കിലും ‘പ്യുവർ ആന്റീരിയർ അപ്രോച്ച്’ (Pure Anterior Approach) എന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ട്യൂമർ വിജയകരമായി നീക്കം ചെയ്യാൻ സാധിച്ചു. ലേക്‌ഷോറിൽ നടത്തിയ റേഡിയോ ഐസോട്ടോപ്പ് അധിഷ്ഠിത സ്കാനിംഗിലൂടെയാണ് കുടലിലെ പ്രാഥമിക ട്യൂമർ കണ്ടെത്താനായതെന്ന് കൺസൾട്ടന്റ് ഹെപ്പറ്റോളജിസ്റ്റ് ഡോ. വിഷ്ണു ഗിരീഷ് വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി ഒരു ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി. വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി വളരുന്ന ഇത്തരം ട്യൂമറുകളെ തിരിച്ചറിയാൻ വയറ്റിൽ അസാധാരണമായ തടിപ്പോ വീക്കമോ കണ്ടാൽ ഉടൻ തന്നെ കൃത്യമായ ഇമേജിംഗ് പരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും തേടണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു