ഫിസാറ്റ് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
അങ്കമാലി : സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രയോജനത്തിന് ഉതകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത് എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. അങ്കമാലി മൂക്കന്നൂർ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (FISAT) ക്യാമ്പസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ സിൽവർ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുള്ള വേറിട്ട മാതൃക സൃഷ്ടിക്കാൻ ഫിസാറ്റിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേവലം എൻജിനീയർമാരെ സൃഷ്ടിക്കുക എന്നതിനപ്പുറം, നൂതന സാങ്കേതികവിദ്യകളെ സാമൂഹിക നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന യുവതലമുറയെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞുവെന്നും ഒരു ട്രേഡ് യൂണിയൻ മുൻകൈയെടുത്ത് കെട്ടിപ്പടുത്ത സ്ഥാപനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ വിജയമാതൃകയാണ് ഫിസാറ്റെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ രചിച്ച ‘പീപ്പിൾ ഓവർ പ്രോഫിറ്റ്’ എന്ന പുസ്തകം മുഖ്യമന്ത്രി വി. ഡി. സതീശൻ മന്ത്രി റോജി എം. ജോണിന് നൽകി പ്രകാശനം ചെയ്തു. രജത ജൂബിലി ആഘോഷങ്ങളുടെ മാസ്റ്റർ പ്ലാൻ മന്ത്രി റോജി എം. ജോണും, അടുത്ത 25 വർഷത്തേക്കുള്ള ദീർഘകാല പദ്ധതികൾ ചാലക്കുടി എം.പി. ബെന്നി ബെഹനാനും പ്രഖ്യാപിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രധാന വികസന പദ്ധതികൾക്കും തുടക്കമായി. ഗവേഷണ കേന്ദ്രങ്ങളും അഡ്വാൻസ്ഡ് ടെക്നോളജി ലാബുകളുമടങ്ങുന്ന 75,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക സിൽവർ ജൂബിലി മന്ദിരം ചടങ്ങിൽ ഔദ്യോഗികമായി തുറന്നു നൽകി. അർഹരായ വിദ്യാർത്ഥികൾക്കായി പ്രതിവർഷം ഒരു കോടി രൂപയുടെ വിപുലമായ സ്കോളർഷിപ്പ് പദ്ധതി എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് പ്രഖ്യാപിച്ചു. കൂടാതെ, 25,000 ചതുരശ്ര അടിയിൽ 5,000 പേർക്കിരിക്കാവുന്ന അത്യാധുനിക ഓഡിറ്റോറിയത്തിന്റെ പ്രഖ്യാപനവും ഡിസൈൻ പ്രകാശനവും ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടർ കെ. വി. എസ്. മണിയൻ നിർവഹിച്ചു.
ഫിസാറ്റ് ചെയർമാൻ പി. ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് വി, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, അസോസിയേറ്റ് സെക്രട്ടറി എസ്. സത്യമൂർത്തി, വൈസ് പ്രിൻസിപ്പൽ ഡോ. മിനി പി.ആർ., കോളേജ് സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ അശ്വിൻ രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

