കൊച്ചി : ഇന്ത്യൻ നാവികസേനയുടെ ഫസ്റ്റ് ട്രെയിനിംഗ് സ്ക്വാഡ്രണിൽപ്പെട്ട (1TS) ഐ.എൻ.എസ് തീർ, ഐ.എൻ.എസ് സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ (ICGS) സാരഥി എന്നിവ ഒക്ടോബർ 26-ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെത്തി. ശ്രീലങ്കൻ നാവികസേനയുടെ നേതൃത്വത്തിൽ ബാൻഡ് മേളത്തോടെ ഔദ്യോഗികമായ ചടങ്ങുകളോടെ കപ്പലുകൾക്ക് സ്വീകരണം നൽകി.
തുറമുഖത്തെത്തിയ കപ്പലുകളിലെ നാവിക പരിശീലനാർത്ഥികളുമായി (സീ ട്രെയിനീസ്) ശ്രീലങ്കൻ നാവികസേനയിലെ ഡയറക്ടർ ജനറൽ ഓഫ് നേവൽ ട്രെയിനിംഗും ഈസ്റ്റേൺ നേവൽ ഏരിയ കമാൻഡറും ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളിലെയും നാവിക പരിശീലന രീതികളെക്കുറിച്ചും സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
സന്ദർശനത്തിന്റെ ഭാഗമായി ഇരു നാവികസേനകളും തമ്മിൽ പ്രൊഫഷണൽ പരിശീലന കൈമാറ്റങ്ങൾ, ബാഹ്യ സന്ദർശനങ്ങൾ, ജോയിന്റ് പാസേജ് എക്സസൈസ് (PASSEX) എന്നിവ സംഘടിപ്പിക്കും. പൊതുജനങ്ങൾക്കായി കപ്പൽ സന്ദർശനവും സാമൂഹിക ക്ഷേമ പരിപാടികളും തുറമുഖ സന്ദർശന വേളയിൽ ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ‘മഹാസാഗർ’ (MAHASAGAR) ദർശനത്തിന് അനുസൃതമായി ഇന്തോ-ശ്രീലങ്കൻ സമുദ്ര സുരക്ഷയും മേഖലാ സഹകരണവും കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിംഗ് സ്ക്വാഡ്രണിന്റെ ഈ സന്ദർശനം.

