കൊച്ചി: പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് പുതിയ ഓഹരി നിക്ഷേപ ഓപ്ഷനായ ‘ഐസിഐസിഐ ലൈഫ് ബിഎസ്ഇ 500 മോമെന്റം ക്വാളിറ്റി 50 ഇൻഡക്സ് ഫണ്ട്’ അവതരിപ്പിച്ചു. കമ്പനിയുടെ പ്രധാന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതികളിലൂടെ (ULIP) ലഭ്യമാകുന്ന ഈ ഫണ്ട്, മികച്ച സാമ്പത്തിക അടിത്തറയും സ്ഥിരമായ ഓഹരി വില വളർച്ചയുമുള്ള മുന്നണി കമ്പനികളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നു.
ബിഎസ്ഇ 500 പട്ടികയിൽനിന്ന് മോമെന്റം, ക്വാളിറ്റി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 50 കമ്പനികളിലാണ് ഫണ്ട് നിക്ഷേപിക്കുന്നത്. കമ്പനികളുടെ സാമ്പത്തിക ആരോഗ്യം, വരുമാനശേഷി, ഓഹരി വിലയിലെ വളർച്ച എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന ഈ നിക്ഷേപങ്ങൾ വിപണി സാഹചര്യങ്ങൾക്കനുസരിച്ച് മൂന്ന് മാസത്തിലൊരിക്കൽ പുനഃക്രമീകരിക്കും. ദീർഘകാല നിക്ഷേപത്തിലൂടെ സമ്പത്ത് വളർത്താൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യമെന്ന് ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ മനീഷ് കുമാർ പറഞ്ഞു. 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഈ ഫണ്ട് മാതൃക 23.7 ശതമാനം വരെ വാർഷിക വരുമാനം നൽകിയിട്ടുണ്ട്.
2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ക്ലെയിം തീർപ്പാക്കൽ അനുപാതം 99.3 ശതമാനമാണെന്നും അന്വേഷണം ആവശ്യമില്ലാത്ത ക്ലെയിമുകൾ തീർപ്പാക്കാൻ ശരാശരി 1.1 ദിവസം മാത്രമാണ് എടുത്തതെന്നും കമ്പനി അറിയിച്ചു. ഐസിഐസിഐ ലൈഫ് പ്രൊട്ടക്റ്റ് എൻ ഗെയിൻ, സിഗ്നേച്ചർ അഷൂർ, സിഗ്നേച്ചർ, പ്ലാറ്റിനം, വെൽത്ത് എലൈറ്റ് പ്രോ തുടങ്ങിയ യുഎൽഐപി പദ്ധതികളിൽ ലൈഫ് കവറിനൊപ്പം ഈ ഫണ്ട് ലഭ്യമാണ്. വിവരങ്ങൾക്ക് www.icicilife.com സന്ദർശിക്കുക.

