ഇന്ത്യയിലെ ഗതാഗത ശൃംഖലയിൽ 3,000 ഇലക്ട്രിക് ട്രക്കുകൾ വിന്യസിക്കും
തിരുവനന്തപുരം: ഇന്ത്യയിലുടനീളമുള്ള ആമസോണിന്റെ ഗതാഗത ശൃംഖലയിൽ 3,000 ഇലക്ട്രിക് ട്രക്കുകൾ വിന്യസിക്കുന്നതിനായി ആമസോണും ടാറ്റ മോട്ടോഴ്സും ധാരണയിലെത്തി. ഇ-കൊമേഴ്സ് മേഖലയിലെ ചരക്കുനീക്കത്തിനായി ലാസ്റ്റ് മൈൽ ഡെലിവറിക്ക് അപ്പുറത്തേക്ക് ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിൽ ആമസോൺ നടത്തുന്ന സുപ്രധാന ചുവടുവയ്പ്പാണിത്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആമസോൺ APAC, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, തുർക്കി ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അഭിനവ് സിംഗ്, ആമസോൺ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ കിഷോർ ലങ്ക, ടാറ്റ മോട്ടോഴ്സ് ഗ്ലോബൽ ഹെഡും ചീഫ് കോർപ്പറേറ്റ് അഫയേഴ്സ് ഓഫീസറുമായ സുശാന്ത് നായിക്, ടാറ്റ മോട്ടോഴ്സ് ട്രക്ക് ബിസിനസ് ഹെഡും വൈസ് പ്രസിഡന്റുമായ രാജേഷ് കൗൾ എന്നിവർ ചേർന്ന് ഡൽഹിയിൽ ആദ്യ ബാച്ച് ഇലക്ട്രിക് ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
ടാറ്റ മോട്ടോഴ്സ് വിതരണം ചെയ്യുന്ന ഇലക്ട്രിക് ട്രക്കുകൾ ആമസോണിന്റെ കാരിയർ പാർട്ണർമാർ സ്വന്തമാക്കി പ്രവർത്തിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ സാങ്കേതിക മികവും ആമസോണിന്റെ വിപുലമായ ലോജിസ്റ്റിക്സ് ശൃംഖലയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്സവകാലത്തെ ഉയർന്ന ചരക്കുനീക്ക ആവശ്യകത കണക്കിലെടുത്ത് ആദ്യഘട്ട വിന്യാസം ഡൽഹിയിൽ ആരംഭിക്കും. തുടർന്ന് പ്രധാന ദേശീയപാതകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 2,800 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ബെംഗളൂരു-ചെന്നൈ ദേശീയപാത ഇടനാഴി (NH48) ഇലക്ട്രിക് ചരക്കുനീക്കത്തിന് സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനായി ചാർജിങ് ഇൻഫ്രാസ്ട്രക്ചർ ദാതാക്കളായ യാഹ്വിയുമായി (Yahhvi) സഹകരിച്ച് പ്രത്യേക ചാർജിങ് ഹബ്ബുകളും വികസിപ്പിക്കും. ഡൽഹി സർക്കാരിന്റെ 2026 ഇലക്ട്രിക് വാഹന നയത്തിന് പിന്തുണ നൽകുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ‘പി.എം. ഇ-ഡ്രൈവ്’ (PM E-DRIVE), ‘പരിവർത്തൻ’ (PARIVARTAN) പദ്ധതികൾക്ക് അനുസൃതമായി പരിസ്ഥിതി സൗഹൃദ ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം സഹായിക്കും.

