പ്രൈം വോളിബോൾ ലീഗ് സീസൺ 5 നവംബർ 30 മുതൽ അഹമ്മദാബാദിൽ

നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു ടോർപ്പിഡോസ്

അഹമ്മദാബാദ്: പ്രൈം വോളിബോൾ ലീഗിന്റെ (PVL) അഞ്ചാം സീസൺ നവംബർ 30 മുതൽ അഹമ്മദാബാദിൽ നടക്കും. നരൻപുരയിലെ വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തുടനീളം പ്രൊഫഷണൽ വോളിബോളിന്റെ ജനപ്രീതിയും സ്വാധീനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അന്താരാഷ്ട്ര താരങ്ങളും മാറ്റുരയ്ക്കും.

2030 കോമൺവെൽത്ത് ഗെയിംസിനും 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും മുന്നോടിയായി അഹമ്മദാബാദ് പ്രധാന കായിക കേന്ദ്രമായി വളർന്നുവരുന്ന സാഹചര്യത്തിലാണ് പ്രൈം വോളിബോൾ ലീഗിന്റെ അഞ്ചാം സീസണിന് നഗരം വേദിയാകുന്നത്. നഗരത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി വികസിപ്പിച്ച വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സ് ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണൽ വോളിബോൾ ലീഗിന് അനുയോജ്യമായ വേദിയൊരുക്കും. കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും പത്ത് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുക. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ബെംഗളൂരു ടോർപ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഗോവ ഗാർഡിയൻസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, കൊൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മിറ്റിയോർസ്, തെലുങ്ക് ബ്ലാക്ക് ഹോക്സ് എന്നിവയാണ് ടീമുകൾ. ബെംഗളൂരു ടോർപ്പിഡോസാണ് നിലവിലെ ചാമ്പ്യന്മാർ.

ഈ വർഷം ആദ്യം ഫെഡറേഷൻ ഇന്റർനാഷണൽ ഡി വോളിബോൾ (FIVB) ഇന്ത്യയിലെ ഒന്നാം ഡിവിഷൻ പ്രൊഫഷണൽ വോളിബോൾ ലീഗായി പ്രൈം വോളിബോൾ ലീഗിന് അംഗീകാരം നൽകിയിരുന്നു. 2026 ഏഷ്യൻ ഗെയിംസ്, ജപ്പാനിൽ നടന്ന എവിസി കോണ്ടിനെന്റൽ കപ്പ്, അഹമ്മദാബാദിൽ നടന്ന എവിസി പുരുഷ കപ്പ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ മികച്ച പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ പുരുഷ ദേശീയ ടീം എഫ്‌ഐവിബി ലോക റാങ്കിംഗിൽ 60-ാം സ്ഥാനത്തുനിന്ന് 42-ാം സ്ഥാനത്തേക്ക് ഉയർന്നതും ഇന്ത്യൻ വോളിബോളിന്റെ വളർച്ചയ്ക്ക് കരുത്തേകിയിട്ടുണ്ട്.

സീസൺ 5 അഹമ്മദാബാദിലേക്ക് എത്തിക്കുന്നത് ഇന്ത്യയിലുടനീളം പ്രൊഫഷണൽ വോളിബോൾ വളർത്താനുള്ള യാത്രയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. അഹമ്മദാബാദിന്റെ വളർന്നുവരുന്ന കായിക അഭിലാഷങ്ങളും ഇന്ത്യൻ പുരുഷ ദേശീയ ടീമിന്റെ മുന്നേറ്റവും കണക്കിലെടുക്കുമ്പോൾ, പിവിഎൽ ഈ നഗരത്തിലേക്ക് എത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൈം വോളിബോൾ ലീഗിനെ അഹമ്മദാബാദിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ഉടമ പ്രവീൺ ചൗധരി പറഞ്ഞു. വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ പിവിഎൽ സംഘടിപ്പിക്കുന്നത് നഗരത്തിന്റെ കായിക ശേഷി പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് ബേസ്‌ലൈൻ വെഞ്ചേഴ്‌സ് മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനും പ്രൈം വോളിബോൾ ലീഗ് ഡയറക്ടറുമായ തുഹിൻ മിശ്രയും വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു