വന്ദേമാതരത്തിന്റെ 150-ാം വാർഷികം: അമൃതയിൽ ദ്വിദിന ദേശീയ സെമിനാർ 

കൊച്ചി: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ നവംബർ 6, 7 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. അമൃത വിശ്വവിദ്യാപീഠം, അഖില ഭാരതീയ സാഹിത്യ പരിഷത്ത്, ഇന്ത്യൻ നോളജ് സിസ്റ്റംസ് (IKS) സെന്റർ, കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തുള്ള അമൃത ക്യാമ്പസിലാണ് പരിപാടി. ബങ്കിംചന്ദ്ര ചതോപാധ്യായയുടെ ‘ആനന്ദമഠം’ എന്ന കൃതിയിലൂടെ പ്രസിദ്ധമായ വന്ദേമാതരത്തിന്റെ ചരിത്രപരവും സാഹിത്യപരവും സാംസ്കാരികവുമായ പ്രാധാന്യം, സ്വാതന്ത്ര്യസമരത്തിലെ പങ്ക്, ദേശീയബോധത്തിന്റെ രൂപീകരണത്തിലുള്ള സ്വാധീനം, സമകാലിക ഇന്ത്യയിലും വികസിത ഭാരത സങ്കൽപ്പത്തിലും അതിന്റെ പ്രസക്തി എന്നിവ സെമിനാറിൽ ചർച്ച ചെയ്യും.

നവംബർ 6ന് രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അമൃത സ്കൂൾ ഓഫ് മെഡിസിൻ ഡീൻ – റിസർച്ച് (മെഡിക്കൽ) ഡോ. ഡി.എം. വാസുദേവൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സെമിനാർ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. കോഴിക്കോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി പൂജ്യ സ്വാമി വിവേകാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. നവംബർ 7ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെയും കേരള സർവകലാശാലയുടെയും വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയായിരിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ അക്കാദമിക സെഷനുകളും പാനൽ ചർച്ചകളും നടക്കും. परिപാടികളുടെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഗീത-ചിത്രകലാ-ഔഷധസസ്യ പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 7102899 എന്ന നമ്പറിൽ ബന്ധപ്പെടാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു