കൊച്ചി : സ്തനാർബുദം പ്രതിരോധിക്കുന്നതിന് മുൻകൂട്ടിയുള്ള രോഗനിർണയം അതിപ്രധാനമാണെന്ന് എറണാകുളം ജില്ലാ കളക്ടറും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിംഗ് ഡയറക്ടറുമായ ജി. പ്രിയങ്ക. വി.പി.എസ് ലേക്ഷോര് ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ രോഗമുക്തി നിരക്ക് വൻതോതിൽ ഉയർത്താൻ സാധിക്കുമെന്നും സ്തനാർബുദ ബോധവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലടക്കം നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി. മാനസിക സമ്മർദ്ദം കുറയ്ക്കുക, പോഷകപ്രദമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക തുടങ്ങി ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കണമെന്നും അവർ നിർദ്ദേശിച്ചു.
സ്തനാർബുദം മുൻകൂട്ടി കണ്ടെത്താനും അതിനുള്ള ശരിയായ ബോധവത്കരണം നൽകാനും സാധിച്ചാൽ ചികിത്സയിലൂടെ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നും ഇത്തരം മുൻകൈകൾ നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച വി.പി.എസ് ലേക്ഷോര് ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി പറഞ്ഞു. സ്തനാർബുദം തടയാനാകുന്നതും പരിശോധനകൾ വഴി തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണ്ണമായി ഭേദമാക്കാനാകുന്നതുമാണെന്ന് വി.പി.എസ് ലേക്ഷോര് ഗൈനക്കോളജിക്കൽ, സർജിക്കൽ ഓങ്കോളജി ആന്ഡ് ബ്രെസ്റ്റ് സയൻസസ് വിഭാഗം മേധാവിയും ഡയറക്ടറുമായ ഡോ. കെ. ചിത്രതാര തങ്ങളുടെ ബോധവത്കരണ സന്ദേശത്തിൽ വ്യക്തമാക്കി. കെ.എം.ആർ.എൽ സിസ്റ്റംസ് ഡയറക്ടർ സഞ്ജയ് കുമാർ, ജനറൽ മാനേജർ ടി.സി. ജോൺസൺ, മാർക്കറ്റിംഗ് ചീഫ് മാനേജർ മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.പി.എസ് ലേക്ഷോര് മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ് സ്വാഗതവും കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അനിൽകുമാർ നന്ദിയും പറഞ്ഞു.

