കൊച്ചി : ആരോഗ്യപരിപാലനത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച ആസ്റ്റർ ന്യൂട്രിക്കോൺ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ‘ദി ആർട്ട് ന്യൂട്രീഷൻ സമ്മിറ്റ് 2026’ (The Art Nutrition Summit 2026) എന്ന പേരിൽ നടന്ന ന്യൂട്രിക്കോണിന്റെ എട്ടാമത് പതിപ്പിൽ ഹൃദയാരോഗ്യമായിരുന്നു പ്രധാന വിഷയം.
ആസ്റ്റർ മെഡ്സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സമഗ്ര ആരോഗ്യപരിപാലനത്തിൽ പോഷകാഹാരത്തിന്റെ പങ്ക്, ക്ലിനിക്കൽ ന്യൂട്രീഷൻ, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പരിചരണം, വ്യായാമം, ഹൃദയ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടർമാരും ഡയറ്റീഷ്യൻമാരും ആരോഗ്യവിദഗ്ധരും പ്രഭാഷണങ്ങളും ചർച്ചകളും നടത്തി. ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി. ആർ. ജോൺ, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി റ്റീന ജോൺ എന്നിവരും ചടങ്ങിന്റെ ഭാഗമായി. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഏകോപനവും രോഗീപരിചരണത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യവും സമ്മേളനത്തിൽ എടുത്തുകാട്ടി.
