കൊച്ചി: റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ ഫ്ലയിങ് ഫ്ലീ (Flying Flea) കൊച്ചിയിലും പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ ബ്രാൻഡ് സാന്നിധ്യം വിപുലീകരിക്കുന്ന അഞ്ചാമത്തെ നഗരമാണ് കൊച്ചി. ഉപഭോക്താക്കൾക്ക് വിൽപ്പന, സർവീസ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൊച്ചിയിൽ അഞ്ച് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇടപ്പള്ളിയിൽ കമ്പനി നേരിട്ട് നടത്തുന്ന സ്റ്റോറിനൊപ്പം ചിറ്റൂർ റോഡിലെ സെന്റ് മേരീസ് മോട്ടോഴ്സ്, ആലുവയിലെ അർബൻ ലോക്കോമോട്ട്, മൂവാറ്റുപുഴയിലെ വെളിയത്ത് മോട്ടോഴ്സ്, വൈറ്റിലയിലെ കൈസൺ മോട്ടോഴ്സ് എന്നീ നാല് സർവീസ് കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് ശൃംഖല.
നഗരയാത്രകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ എഫ്.എഫ്.സി6 (FF.C6) നൂതന സാങ്കേതികവിദ്യയും സ്മാർട്ട് കണക്റ്റിവിറ്റി സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ, പാരച്യൂട്ട് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ വാഹനം ലഭ്യമാണ്. 2.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില; ബാറ്ററി ആസ് എ സർവീസ് (BaaS) സംവിധാനത്തിൽ 1.99 ലക്ഷം രൂപയ്ക്കും വാഹനം സ്വന്തമാക്കാം. ഉപഭോക്താക്കൾക്കായി 24 മണിക്കൂർ റോഡ്സൈഡ് അസിസ്റ്റൻസ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

