കൊച്ചി: ഐബിഎസ് സോഫ്റ്റ്വെയറിന്റെ സിഎസ്ആർ (CSR) പിന്തുണയോടെ ഐബിഎസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ഫ്യൂച്ചർപോയിന്റ് ക്യാബ്സ് (FuturePoint Cabs) വനിതാ ഡ്രൈവർമാരുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. കോർപ്പറേറ്റ് യാത്രകൾക്ക് പുറമെ വിവാഹച്ചടങ്ങുകൾ, സമ്മേളനങ്ങൾ, ഹോട്ടൽ-വിനോദസഞ്ചാര മേഖല, വിമാനത്താവള യാത്രകൾ തുടങ്ങിയവയ്ക്കും ഇനി മുതൽ വനിതാ ഡ്രൈവർമാരുടെ സേവനം ലഭ്യമാകും. ഇതിനോടനുബന്ധിച്ച് വനിതാ ഡ്രൈവർമാരെ വാർത്തെടുക്കുന്നതിനുള്ള അടുത്ത പരിശീലന ബാച്ചിലേക്ക് 21-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളം കാക്കനാട്ട് നടക്കുന്ന പരിശീലനം ഭക്ഷണവും പഠനസാമഗ്രികളും ഉൾപ്പെടെ പൂർണ്ണമായും സൗജന്യമാണ്. ഫോർവീലർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന ലഭിക്കും. ഡ്രൈവിംഗ് പരിശീലനത്തിന് പുറമെ പെരുമാറ്റരീതികൾക്കും ആശയവിനിമയത്തിനും പ്രാധാന്യം നൽകുന്ന ക്ലാസ്റൂം പരിശീലനവും പദ്ധതിയുടെ ഭാഗമാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷനും ഫ്യൂച്ചർപോയിന്റിൽ തൊഴിലവസരവും ലഭിക്കും. പ്രതിമാസം 20,000 മുതൽ 25,000 രൂപ വരെ വരുമാനത്തിനൊപ്പം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇൻസെന്റീവുകളും ലഭിക്കും. താൽപ്പര്യമുള്ളവർക്ക് 8129902043 എന്ന നമ്പറിൽ ബന്ധപ്പെടാം.
വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വവും തൊഴിൽ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള സംരംഭമാണിതെന്ന് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി. കെ. മാത്യൂസ് പറഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ പ്രേരണയായതെന്നും, സാമൂഹിക പ്രതിബദ്ധതയും ബിസിനസ് സുസ്ഥിരതയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സംരംഭത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഏപ്രിലിൽ ആരംഭിച്ച ഫ്യൂച്ചർപോയിന്റ് ക്യാബ്സ് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് നൽകുന്ന പ്രാധാന്യം മുൻനിർത്തി 13-ാമത് സിഐഐ (CII) ദേശീയ പരിസ്ഥിതി മികച്ച പ്രവർത്തന പുരസ്കാരത്തിലെ ‘എക്സലന്റ് എൻവയോൺമെന്റൽ പ്രോജക്ട് അവാർഡ് 2026’ കരസ്ഥമാക്കിയിരുന്നു. ഇതുവരെ പൂർത്തിയാക്കിയ ആകെ 7,150 യാത്രകളിൽ 5,000-ത്തിലധികവും, സഞ്ചരിച്ച ആകെ 2.5 ലക്ഷം കിലോമീറ്ററിൽ 1.75 ലക്ഷത്തിലധികം കിലോമീറ്ററും ഇലക്ട്രിക് വാഹനങ്ങളിലായിരുന്നു.

