കൊച്ചി : സാങ്കേതിക വിദഗ്ധരുടെ സഹായമില്ലാതെ, ഒരൊറ്റ സംഭാഷണത്തിലൂടെ ഏതൊരു ബിസിനസ് ആശയത്തെയും സമ്പൂർണ്ണ മൊബൈൽ ആപ്പ്, സോഫ്റ്റ്വെയർ, വെബ്സൈറ്റ്, വീഡിയോ, ഗാനം, ഇൻവെസ്റ്റർ പിച്ച് ഡെക്ക് എന്നിവയാക്കി മാറ്റുന്ന നൂതന പ്ലാറ്റ്ഫോമുമായി കൊച്ചി ആസ്ഥാനമായ എ.ഐ കമ്പനി ഐന്ദ്രിയ കോസ്മോസ് (Aindriya Cosmos). കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ 2026 (Huddle Global 2026) സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലാണ് വെറും 300 രൂപ മുതൽ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കുന്ന ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. സംരംഭകർ തങ്ങളുടെ ആശയം സ്വന്തം ഭാഷയിൽ വിവരിച്ചാൽ മാത്രം മതിയാകും; പ്ലാറ്റ്ഫോമിന്റെ ഇന്റലിജന്റ് അസിസ്റ്റന്റായ ‘കോസ്മി’ (Cosmi) ആവശ്യങ്ങൾ മനസ്സിലാക്കി പ്ലാനും ഡിസൈനും തയ്യാറാക്കുകയും ഡാറ്റാബേസ്, യൂസർ ലോഗിൻ, ഡാഷ്ബോർഡ്, ലൈവ് ഹോസ്റ്റിംഗ് എന്നിവയടക്കം പ്രൊഡക്ഷൻ-ഗ്രേഡ് നിലവാരത്തിൽ ആപ്പ് നിർമ്മിച്ച് ലൈവാക്കുകയും ചെയ്യുന്നു.
വെബ്ബിലും മൊബൈലിലും ലഭ്യമായ ഐന്ദ്രിയ കോസ്മോസിൽ സൗജന്യ സംഭാഷണത്തോടെ തുടങ്ങാനും, നിർവ്വഹിക്കുന്ന ജോലികൾക്ക് മാത്രം പണം നൽകാനും സാധിക്കും. സോഫ്റ്റ്വെയർ നിർമ്മാണത്തിന് പുറമെ, ഡൊമെയ്ൻ രജിസ്ട്രേഷൻ, പ്രൊഡക്ട് വീഡിയോകൾ, സ്റ്റോറിബോർഡുകൾ, ബാനറുകൾ, പ്രൊമോ ജിംഗിളുകൾ, പൂർണ്ണ ഗാനങ്ങൾ, ഇൻവെസ്റ്റർ പിച്ച് ഡെക്കുകൾ, പ്രൊപ്പോസലുകൾ, ബ്രോഷറുകൾ, ലോഗോകൾ, ഓൺലൈൻ ഷോപ്പുകൾ, മെനുകൾ, ഇവന്റ് രജിസ്ട്രേഷൻ, പേയ്മെന്റ് ക്യു.ആർ (QR) കോഡുകൾ തുടങ്ങി ഒരു ബിസിനസ്സിനാവശ്യമായ ഒട്ടുമിക്ക സേവനങ്ങളും ഒരൊറ്റ ചാറ്റിലൂടെ ലഭ്യമാകുന്നതിനാൽ ഒന്നിലധികം സോഫ്റ്റ്വെയർ സബ്സ്ക്രിപ്ഷനുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാം.
കമ്പനികളുടെ നിലവിലുള്ള അക്കൗണ്ടിംഗ്, ഇൻവോയ്സിംഗ്, ഇ-കൊമേഴ്സ്, പേയ്മെന്റ് ഗേറ്റ്വേ, എച്ച്.ആർ (HR) സംവിധാനങ്ങളെ സുരക്ഷിതമായി ബന്ധിപ്പിച്ച് ഒരു ഡാറ്റാ അനലിസ്റ്റായി പ്രവർത്തിക്കുന്ന ‘മൈ ബിസിനസ്’ (My Business) എന്ന സവിശേഷതയും ഇതിലുണ്ട്. കുടിശ്ശികയുള്ള ഇൻവോയ്സുകൾ, ഏറ്റവും കൂടുതൽ ലാഭം നൽകുന്ന ഉൽപ്പന്നങ്ങൾ, വിൽപ്പനയും സ്റ്റോക്കും തമ്മിലുള്ള താരതമ്യം എന്നിവയെക്കുറിച്ചെല്ലാം സാധാരണ ഭാഷയിൽ ചോദിച്ചറിയാനും ദിവസേനയുള്ള ഓട്ടോമേറ്റഡ് ബിസിനസ് ബ്രീഫുകൾ നേടാനും ഇതിലൂടെ സാധിക്കും. വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് തുടങ്ങിയ യാത്രാ സൗകര്യങ്ങളും പ്ലാറ്റ്ഫോമിലുണ്ട്. പ്രത്യേക പ്രോംപ്റ്റ് എൻജിനീയറിംഗ് വൈദഗ്ധ്യം ആവശ്യമില്ലാത്ത ഈ പ്ലാറ്റ്ഫോമിൽ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി പ്രധാന ഇന്ത്യൻ ഭാഷകളിലെല്ലാം സംസാരിച്ച് കാര്യങ്ങൾ നിർവ്വഹിക്കാം. ആദ്യ ഉൽപ്പന്നം പുറത്തിറക്കാൻ സംരംഭകർ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരരുതെന്നും, നൂതന സാങ്കേതികവിദ്യയുടെ കരുത്ത് എല്ലാവരിലേക്കും എത്തിച്ച് സംരംഭകത്വത്തിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐന്ദ്രിയ കോസ്മോസ് സ്ഥാപകൻ ജ്യോതിസ് പറഞ്ഞു.

