അലയന്‍സിന്റെ പ്ലാസ്റ്റിക് മാലിന്യമുക്ത നദീ പദ്ധതി; 4 വര്‍ഷം കൊണ്ട് നീക്കം ചെയ്തത് 1,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അലയന്‍സ് സര്‍വീസസ് ഇന്ത്യ എം.ഡി ജിസണ്‍ ജോണ്‍, തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷ്,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി,ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്, വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി,അലയന്‍സ് ടെക്‌നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുല്‍സിയാനി, വി. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍

തിരുവനന്തപുരത്തെ ജലാശയങ്ങളില്‍ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികള്‍ക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ നദികളെയും തോടുകളെയും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി അലയന്‍സ് ഗ്രൂപ്പ് നടത്തുന്ന പദ്ധതി വിജയകരമായി തുടരുന്നുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സി.എസ്.ആര്‍) പദ്ധതിയിലൂടെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നഗരത്തിലെ ജലാശയങ്ങളില്‍ നിന്നും 1,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തതായി കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. അലയന്‍സ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗ്ലോബല്‍ കാപ്പബിലിറ്റി സെന്റററുകളായ (ജിസിസി) അലയന്‍സ് സര്‍വീസസ് ഇന്ത്യയും അലയന്‍സ് ടെക്‌നോളജി ഇന്ത്യയും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്.2022ല്‍ ആരംഭിച്ച ഈ പദ്ധതിക്കായി സി. എസ്.ആര്‍ ഫണ്ടില്‍ നിന്ന് 5 കോടിയിലധികം രൂപയാണ് ഇതുവരെ ചിലവഴിച്ചുവെന്ന് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ കമ്പനി പ്രഖ്യാപിച്ചു.
1,000 ടണ്‍ എന്ന നാഴികക്കല്ല് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അലയന്‍സ് എസ്.ഇ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗവും ഗ്രൂപ്പ് സി.ഒ.ഒയുമായ ബാര്‍ബറ കറുത്ത്‌സെല്ലെ പറഞ്ഞു. പുഴകളില്‍ നിന്ന് നീക്കം ചെയ്യുന്ന ഓരോ പ്ലാസ്റ്റിക്കും കടലിനെ സംരക്ഷിക്കുന്നതിനുള്ള ചുവടുവെപ്പാണ്. ഈ പദ്ധതി വെറുമൊരു ശുചീകരണ പ്രവര്‍ത്തനം മാത്രമല്ല. ജനജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കാനും, പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. വരുംതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാന്‍ കൂടുതല്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.പുഴകളിലെയും തോടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകി കടലിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തടഞ്ഞുനിര്‍ത്താന്‍ ‘ട്രാഷ്ബൂം’ എന്ന ലളിതമായ ഫ്‌ലോട്ടിങ് വേലികള്‍ കൊണ്ടുള്ള തടസ്സങ്ങളാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. തമ്പാനൂര്‍ തോട്, ഉള്ളൂര്‍ തോട്, പട്ടം തോട്, തെക്കിനക്കര കനാല്‍, ആമയിഴഞ്ചാന്‍ തോട്, കരമനയാര്‍, കിള്ളിയാര്‍, കരിയില്‍ തോട്, തെറ്റിയാര്‍ കനാല്‍ തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട 15 സ്ഥലങ്ങളില്‍ ഈ സംവിധാനം വഴി ദിവസവും മാലിന്യം നീക്കം ചെയ്യുന്നുണ്ട്. തണല്‍ ട്രസ്റ്റ്, സുസ്‌തേര ഫൗണ്ടേഷന്‍ എന്നീ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് അലയന്‍സ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനായി ജര്‍മ്മനിയിലെ ‘പ്ലാസ്റ്റിക് ഫിഷര്‍’ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.തിരുവനന്തപുരം കോര്‍പ്പറേഷന്റെയും കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണജലവിഭവ വകുപ്പുകളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാലിന്യങ്ങള്‍ പുഴകളില്‍ എത്തിയ ശേഷം നീക്കം ചെയ്യുന്നതിന് പുറമെ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കാനുള്ള ബോധവല്‍ക്കരണ പരിപാടികളും അലയന്‍സ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുത്തന്‍തോപ്പ്, കഠിനംകുളം, വേളി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രദേശവാസികള്‍ക്കും വ്യാപാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി 2025 മുതല്‍ പ്രത്യേക പരിപാടികള്‍ നടത്തിവരികയാണ്. അലയന്‍സ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ബീച്ച് ശുചീകരണവും ബോധവല്‍ക്കരണ കാമ്പെയ്‌നുകളും നടത്തുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ തുടക്കകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനികളിലൊന്നാണ് അലയന്‍സ്. കേരളത്തിലെ ആദ്യത്തെ ജിസിസി കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടെ നിലവില്‍ 6,600ലധികം ജീവനക്കാരുണ്ട്. ലോകമെമ്പാടുമുള്ള അലയന്‍സ് ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളത് തിരുവനന്തപുരത്താണ്. ലോകത്തിലെ പ്രമുഖ ഇന്‍ഷുറന്‍സ്അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ അലയന്‍സ് ഗ്രൂപ്പിന്റെ എഐ അധിഷ്ഠിത വാല്യൂ ആക്‌സിലറേറ്ററാണ് അലയന്‍സ് സര്‍വീസസ്. അലയന്‍സ് ഗ്രൂപ്പിന്റെ ആഗോള ഐ.ടി, ഡിജിറ്റല്‍ പരിവര്‍ത്തന തന്ത്രങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രധാന കേന്ദ്രവും, അലയന്‍സ് ടെക്‌നോളജിയുടെ പ്രധാന സേവന വിതരണ കേന്ദ്രവുമാണ് അലയന്‍സ് ടെക്‌നോളജി ഇന്ത്യ.

ചടങ്ങില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷ്, കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരന്‍, അലയന്‍സ് സര്‍വീസസ് ഇന്ത്യ എം.ഡി ജിസണ്‍ ജോണ്‍, അലയന്‍സ് ടെക്‌നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുല്‍സിയാനി എന്നിവര്‍ പങ്കെടുത്തു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു