ബ്രെയിൻ ഹണ്ട് 2026 അന്തർസ്‌കൂൾ ക്വിസ് മത്സരം ; ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ ജേതാക്കൾ

കൊച്ചി:  റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ക്വീൻ സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത്  ‘ബ്രെയിൻ ഹണ്ട് 2026’ അന്തർസ്‌കൂൾ ക്വിസ് മത്സരം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ  സമാപിച്ചു. വിദ്യാർത്ഥികളിൽ ബൗദ്ധിക പ്രതിഭയും അറിവുതേടാനുള്ള ആഗ്രഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ എറണാകുളത്തെ  35-ഓളം സ്‌കൂളുകളിൽ നിന്നായി 91 ടീമുകൾ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലെ കിരൺ തോമസ്, നകുൽ, സാകേത് സന്ദീപ് എന്നിവരടങ്ങിയ ടീം ബ്രെയിൻ ഹണ്ട് 2026 ഒന്നാം സ്ഥാനം കരസ്ഥമാക്കി. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ ഏബൽ സേവ്യർ, ജോസഫ് ടോം, ലൂക്ക് ജോസ് ജോർജ് എന്നിവർ രണ്ടാം സ്ഥാനവും, എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ അദ്വൈത് സുബ്രഹ്മണി ആനന്ദ്, ആര്നവ് രാഹുൽ, പ്രണവ് സന്തോഷ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ  വേണുഗോപാൽ സി. ഗോവിന്ദ് മുഖ്യാതിഥിയായി പങ്കെടുത്തു വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ക്വീൻ സിറ്റി പ്രസിഡന്റ് . ലിജി എബ്രഹാം, ഇവന്റ് ചെയർ  മോഹൻ എസ്. മേനോൻ, ഡിസ്ട്രിക്ട് ഡയറക്ടർ . സതീഷ് വാര്യർ, അസിസ്റ്റന്റ് ഗവർണർ ബാലചന്ദ്ര പണിക്കർ, ജിജിആർ  ദീപ അലക്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ പതിപ്പ് മുതൽ ബ്രെയിൻ ഹണ്ടിന്റെ ക്വിസ് മാസ്റ്ററായി പ്രവർത്തിക്കുന്ന പി.ജി.ആർ. നായർ ഇത്തവണയും മത്സരങ്ങൾ നിയന്ത്രിച്ചു. പുതിയ തലമുറയിലെ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അറിവിനോടുള്ള താല്പര്യവും പങ്കാളിത്തവും ബ്രെയിൻ ഹണ്ടിന്റെ വൻ വിജയത്തിന് തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു