ജബൽപൂർ : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവും ചേർന്ന് ഓഗസ്റ്റ് 27ന് ജബൽപൂരിലെ ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിന്റെ (AVNL) കീഴിലുള്ള വെഹിക്കിൾ ഫാക്ടറിയിൽ ടി-സീരീസ് ടാങ്കുകളുടെ ഓവറോള്‍ പദ്ധതിക്ക് ഭൂമിപൂജ നടത്തി. 472 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന പുതിയ സംവിധാനത്തിൽ ടി-72, ടി-90 ടാങ്കുകൾക്കായി പ്രത്യേക ഓവറോള്‍ സൗകര്യങ്ങൾ ഒരുക്കും. ആഭ്യന്തര പ്രതിരോധ പരിപാലന ശേഷിയും സ്വയംപര്യാപ്തതയും ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിത്.
പുതിയ യൂണിറ്റിന് പ്രതിവർഷം 80 ടാങ്കുകൾ ഓവറോള്‍ ചെയ്യാനുള്ള ശേഷിയുണ്ടാകും. ഇന്ത്യൻ കരസേനയ്ക്ക് പ്രതിവർഷം ആവശ്യമായ 230 ടാങ്കുകളുടെ ഓവറോള്‍
ശേഷിയിലെ കുറവ് നികത്താൻ പദ്ധതി സഹായിക്കും. നിലവിൽ അവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ പ്രതിവർഷം 150 ടാങ്കുകൾ ഓവറോള്‍ ചെയ്യുന്നുണ്ട്. ജബൽപൂർ യൂണിറ്റ് കൂടി പ്രവർത്തനക്ഷമമാകുന്നതോടെ നവീകരിച്ച കവചിത വാഹനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും സൈന്യത്തിന്റെ പ്രവർത്തന സജ്ജത വർധിപ്പിക്കാനും സാധിക്കും. പ്രാദേശിക എംഎസ്എംഇ കൾക്ക് വിതരണ ശൃംഖലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടൊപ്പം നിർമാണ, അനുബന്ധ സേവന മേഖലകളിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ആധുനിക യുദ്ധരംഗത്ത് ടാങ്കുകൾ, പീരങ്കികൾ, ഡ്രോണുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവ ഏകോപിതമായി പ്രവർത്തിക്കുന്ന സംയോജിത യുദ്ധ സംവിധാനങ്ങൾക്കാണ് പ്രാധാന്യമെന്ന് ചടങ്ങിൽ രാജ്നാഥ് സിംഗ് പറഞ്ഞു. ശക്തമായ വിതരണ ശൃംഖലയും നൂതന സാങ്കേതികവിദ്യയും ശക്തമായ വ്യവസായ ശേഷിയുമുള്ള രാജ്യങ്ങൾക്കാണ് ദീർഘകാല സംഘർഷങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിർണായക പ്രതിരോധ പരിപാലന ആവശ്യങ്ങൾക്ക് വിദേശ വിതരണ ശൃംഖലകളിലുള്ള ആശ്രിതത്വം ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം ഏകദേശം 1.80 ലക്ഷം കോടി രൂപയും പ്രതിരോധ കയറ്റുമതി ഏകദേശം 39,000 കോടി രൂപയും എത്തിയതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിരോധ-വ്യോമയാന നിർമാണ മേഖലയിലെ പ്രധാന കേന്ദ്രമായി മധ്യപ്രദേശ് ഉയർന്നുവരുന്നതായും അഭിപ്രായപ്പെട്ടു.

