ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ വിതരണ ശൃംഖല പൂര്‍ണമായും ഉറപ്പാക്കിയതായി ബിപിസിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
കൊച്ചി: രാജ്യത്ത് എല്‍പിജി വിതരണം കാര്യക്ഷമമായി നടക്കുന്നതായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) അറിയിച്ചു. ഏപ്രില്‍ 12 മുതല്‍ 21 വരെയുള്ള കണക്കുകള്‍പ്രകാരം, ആകെ 1.13 കോടി ഗാര്‍ഹിക സിലിണ്ടറുകളും 2.8 ലക്ഷം വാണിജ്യ സിലിണ്ടറുകളുമാണ് ബിപിസിഎല്‍ വിതരണം ചെയ്തത്. പെട്രോള്‍ പമ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക സ്‌റ്റോറുകള്‍ എന്നിവ വഴി 2,22,444 ചെറു സിലിണ്ടറുകളും വിതരണം ചെയ്തു. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ വിതരണ ശൃംഖല പൂര്‍ണമായും ഉറപ്പാക്കിയതായി ബിപിസിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റിഫൈനറികള്‍ മുതല്‍ വിതരണക്കാര്‍ വരെയുള്ള ബിപിസിഎല്ലിന്റെ എല്ലാ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാചകവാതകം തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ട്. നഗരപ്രദേശങ്ങളിലെ സിറ്റി ഗ്യാസ് പദ്ധതിയും (പിഎന്‍ജി) കാര്യക്ഷമമാക്കിയിട്ടുണ്ട്. രജ്യമൊട്ടാകെ ഇതിനോടകം 1,81,405 പിഎന്‍ജി കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പാചകവാതകം സംഭരണശാലകളില്‍ സ്‌റ്റോക്ക് ഉണ്ടെന്നുമാണ് കമ്പനി അറിയിക്കുന്നത്.

