കദെർ അത്തിയ കൊച്ചിയിൽ

കൊച്ചി മുസരീസ് ബിനാലെ ഏഴാം ലക്കത്തിന്റെ ക്യൂറേറ്റർ കദെർ അത്തിയ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം
ഏഴാമത് ബിനാലെയുടെ ക്യൂറേറ്റോറിയൽ അന്വേഷണങ്ങൾക്ക് തുടക്കം

കൊച്ചി: കുടിയേറുന്ന സംസ്ക്കാരത്തെ അതിന്റെ തനിമയോടെ നിലനിറുത്തുന്നതില്‍ ലോകത്തിന് തന്നെ കൊച്ചി മാതൃകയാണെന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത കലാകാരന്‍ കദെർ അത്തിയ അഭിപ്രായപ്പെട്ടു. ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ബിനാലെ ഏഴാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം രൂപീകരിക്കുന്നതില്‍ ഇത് പ്രധാന ഘടകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാരീസില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിച്ചിരുന്ന കമ്മ്യൂണിറ്റി പാര്‍പ്പിടത്തിലായിരുന്നു തന്റെ കുട്ടിക്കാലമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നിന്നാണ് കലയുടെ ആദ്യ വാസന ലഭിച്ചത്. കുടിയേറുന്ന സംസ്ക്കാരം പതുക്കെ അതത് പ്രദേശങ്ങളുമായി ഇണങ്ങിച്ചേരുന്ന കാഴ്ചയാണ് പൊതുവെ യൂറോപ്പില്‍ കാണുന്നത്. കൊളോണിയലിസം പ്രാദേശിക അറിവുകളിലേക്കുള്ള അധിനിവേശം കൂടിയാണ്. എന്നാല്‍ കൊച്ചിയില്‍ ഈ സംസ്ക്കാരങ്ങളുടെ തനത് നേര്‍ക്കാഴ്ച ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയ്ക്കുള്ളത് ഏകമായ വ്യക്തിത്വമല്ല; വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്.

അത്തിയ തന്റെ കലാസൃഷ്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും, രണ്ട് പതിറ്റാണ്ടിലേറെയായി ഓർമ, ചരിത്രം, റിപ്പെയർ, കൊളോണിയലിസത്തിന്റെ അടയാളങ്ങൾ എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റി വികസിച്ചു വന്ന തന്റെ കലാപ്രവർത്തനത്തെ പറ്റിയും സംസാരിച്ചു. പുനഃസ്ഥാപനത്തെ (റിപ്പെയർ) ഒരു ആശയമായല്ല, മറിച്ച് ഒരു പ്രതിഭാസമായാണ് അദ്ദേഹം കാണുന്നതെന്നും പറഞ്ഞു. അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നും, നമ്മുടെ പൂർവികർ അവശേഷിച്ചു പോയ അടയാളങ്ങളിൽ നിന്നും തുടങ്ങി, മുറിവിന്റെയും പുനഃസ്ഥാപനത്തിന്റെയും ആശയങ്ങളിലൂടെ അദ്ദേഹം കടന്നു പോയി.

യൂറോപ്യന്‍ സമകാലീന കലയില്‍ നിപുണനായ കദെര്‍ അത്തിയ ക്യൂറേറ്റായി എത്തിയത് ബിനാലെയുടെ സ്വത്വത്തിന്റെ പ്രതിഫലനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വേണു വി ചൂണ്ടിക്കാട്ടി. എല്ലാവരുടെയും സ്വന്തമെന്ന തോന്നലാണ് ബിനാലെയെ ജനകീയമായി നിലനിറുത്തുന്നതെന്ന് കെ ബി എഫ് ട്രസ്റ്റി അദീബ് അഹമ്മദ് പറഞ്ഞു. ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട് കദെര്‍ അത്തിയയെ പരിചയപ്പെടുത്തി. നവംബര്‍ 14 ന് മുംബെയില്‍ വച്ച് ക്യൂറേറ്റോറിയല്‍ പ്രമേയം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സി.ഇ.ഒ. തോമസ് വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു