പുരോഗമനപരവും ഗവേഷണാധിഷ്ഠിതവുമായ സംരംഭങ്ങളിലൂടെ എച്ച്എല്‍എല്‍ സമൂഹത്തിലെ വിടവുകള്‍ നികത്തുന്നതായും സെക്രട്ടറി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, താങ്ങാനാവുന്നതും, ഗുണനിലവാരമുള്ളതുമായ ആരോഗ്യപരിരക്ഷ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ യാഥാര്‍ത്ഥ്യമാക്കുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ . കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരത്തുള്ള എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് നടപ്പിലാക്കുന്ന അമൃത് ഫാര്‍മസിയിലൂടെ അര്‍ബുദ മരുന്നുകള്‍ അടക്കമുള്ളവ 50 ശതമാനം വിലക്കുറവില്‍ നല്‍കാന്‍ സാധിക്കും. പുരോഗമനപരവും ഗവേഷണാധിഷ്ഠിതവുമായ സംരംഭങ്ങളിലൂടെ എച്ച്എല്‍എല്‍ സമൂഹത്തിലെ വിടവുകള്‍ നികത്തുന്നതായും സെക്രട്ടറി അഭിപ്രായപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍, കൊവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം സുഗമമാക്കാന്‍ എച്ച്എല്‍എല്‍ നിര്‍ണായക പങ്ക് വഹിച്ചതായും പുണ്യ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. എച്ച്എല്‍എലിന്റെ സുതാര്യത, സത്യസന്ധത, സമര്‍പ്പണബോധം എന്നിവ ഈ നിലയില്‍ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നതായും സെക്രട്ടറി പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ വിശ്വസ്തമായ ഒരു പങ്കാളിയായി സ്ഥാപനം മാറണം. സ്വസ്ത് ഭാരത് വികസിത് ഭാരത് സംരംഭത്തില്‍ എച്ച്എല്‍എല്‍ അംഗങ്ങള്‍ പ്രധാന പങ്കാളിയാകണം. എച്ച്എല്‍എല്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയത് അനുസ്മരിച്ച് സ്മരണിക നാണയവും അവര്‍ പുറത്തിറക്കി. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ പുനരാരംഭിക്കുന്ന ഹൈഡ്രോസെഫലിസ് ഷണ്ട്, മാനസികാരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന എച്ച്എല്‍എല്‍ പരിവര്‍ത്തന്‍ വെല്‍നസ് ക്ലിനിക്ക്, എച്ച്എല്‍എല്‍ കുടിവെള്ളം, സസ്യാധിഷ്ഠിത വസ്തുക്കളില്‍ നിന്ന് വികസിപ്പിച്ച ഹാപ്പി ഡേയ്‌സ് കമ്പോസ്റ്റബിള്‍ സാനിറ്ററി നാപ്കിന്‍ എന്നിവയുടെ സമാരംഭവും ചടങ്ങിന്റെ സവിശേഷതയായിരുന്നു. സുസ്ഥിര വികസനം, പൊതുജനാരോഗ്യം, താങ്ങാനാവുന്ന ചികിത്സ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ സംരംഭങ്ങള്‍. തിരുവനന്തപുരത്തെ എച്ച്എല്‍എല്ലിന്റെ ആക്കുളം ഫാക്ടറിയില്‍ നവീകരിച്ച മെന്‍സ്ട്ര്വല്‍ കപ്പ് നിര്‍മ്മാണ സൗകര്യത്തിന്റെ ഉദ്ഘാടനവും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍വഹിച്ചു. സാങ്കേതിക വികസനം, ഗവേഷണം എന്നിവയിലെ സഹകരണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി എച്ച്എല്‍എല്ലും ഐഐടി ബോംബെയും ഐഐടി മദ്രാസും തമ്മിലുള്ള ധാരണാപത്രങ്ങളുടെ (എംഒയു) കൈമാറ്റത്തിനും പരിപാടി സാക്ഷ്യം വഹിച്ചു. എച്ച്എല്‍എല്‍ ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.അനിത തമ്പി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അജിത് എന്‍, ഫിനാന്‍സ് ഡയറക്ടര്‍ രമേഷ് പി, ടെക്‌നിക്കല്‍ ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

