Society Today
Breaking News

കൊല്ലം: അസ്ഥികളിലെ കാന്‍സര്‍ (സര്‍ക്കോമ) ബാധിച്ച നിര്‍ധന രോഗികള്‍ക്കായി  ആസ്റ്റര്‍ ഗ്രൂപ്പ് നടത്തുന്ന സിന്ദഗി ചികിത്സ സഹായ പദ്ധതിയുമായി സഹകരിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. സര്‍ക്കോമ രോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുക, പരമാവധി രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണേഷ് കുമാറും പദ്ധതിയുടെ ഭാഗമാകുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി. അസ്ഥികളെ ബാധിക്കുന്ന കാന്‍സര്‍ ചികിത്സയില്‍ വിദഗ്ധനായ ഡോ. സുബിന്‍ സുഗതിന്റെ സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന  ലക്ഷ്യത്തോടെയാണ് സിന്ദഗി പദ്ധതി നടപ്പാക്കുന്നത്. രോഗ നിര്‍ണയം കഴിഞ്ഞാല്‍ നൂതന ചികിത്സ  ഉറപ്പാക്കുന്നതിന് പുറമേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  ചികിത്സ സഹായം നല്‍കും.

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലും കോഴിക്കോട് ആസ്റ്റര്‍ മിംസിലുമാണ് ചികിത്സ നല്‍കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുന്‍ ആരോഗ്യമന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.കെ ഷൈലജയാണ് പദ്ധതി അവതരിപ്പിച്ചത്. കൊല്ലം ജില്ലയിലെ എം.എല്‍.എ എന്ന നിലയിലാണ് ഗണേഷ് കുമാര്‍ എം.എല്‍.എ പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയെ പരമാവധി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അദ്ദേഹത്തിന്റെ മണ്ഡമായ പത്തനാപുരത്തെയും സമീപ മണ്ഡലങ്ങളിലേയും സര്‍ക്കോമ ബാധിതര്‍ക്ക് എം.എല്‍.എ ഓഫീസ് വഴി ആസ്റ്റര്‍ ഗ്രൂപ്പിനെ ബന്ധപ്പെടാം. ഇതുവഴി അര്‍ഹരായ രോഗികള്‍ക്ക്  ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

എ.എം ആരിഫ് എം.പിയും പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റ!ര്‍ വോളന്റിയേഴ്‌സ് എന്നിവയും ഉദ്യമവുമായി സഹകരിക്കുണ്ട്.സര്‍ക്കോമ  പോലുള്ള രോഗങ്ങളുടെ താരതമ്യേന ഉയര്‍ന്ന ചിലവ് മൂലം നിര്‍ധന രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് സിന്ദഗി പദ്ധതി ആവിഷ്‌കരിച്ചതെന്നും ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി. സിന്ദഗി പദ്ധതിയുടെ സഹായം ആവശ്യമുള്ളവര്‍ക്ക് 89291 90644, 81119 98098 എന്നീ വാട്ട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

Top