6-August-2023 -
By. health desk
കൊച്ചി: പ്രസവം നടക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാതൃ ശിശു സൗഹൃദ ആശുപത്രി സംരംഭങ്ങള്‍ക്കുള്ള (എംബിഎഫ്എച്ച്‌ഐ) അംഗീകാരം സ്വന്തമാക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. മുലയൂട്ടല്‍ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജാണ് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് വിഭാഗം മേധാവി ജയേഷ് വി നായരും പീഡിയാട്രിക് കോഓര്‍ഡിനേറ്റര്‍ എം.എസ് സനീഷും ചേര്‍ന്നായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയത്.അമ്മക്കും കുഞ്ഞിനും ഗുണനിലവാരം ഉറപ്പുവരുത്തി സൗഹാര്‍ദ്ദ പരമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ദേശീയ ആരോഗ്യ മിഷനുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എംബിഎഫ്എച്ച്‌ഐ അക്രിഡിറ്റേഷന്‍ ഏര്‍പ്പെടുത്തിയത്.
സര്‍ക്കാരിനും ദേശീയ ആരോഗ്യ മിഷനും പുറമേ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, നാഷണല്‍ നിയോനെറ്റോളജി ഫോറം സംഘടനകളും ചേര്‍ന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് അംഗീകാരം ലഭിച്ചത്. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും 10 മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ 130 ചെക്ക് പോയിന്റുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയായിരുന്നു നേട്ടം കരസ്ഥമാക്കിയത്.മാതൃ ശിശു സൗഹൃദമാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബ്രസ്റ്റ് ഫീഡിംഗ് പോളിസി തയ്യാറാക്കിയായിരുന്നു ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍.
മുലയൂട്ടലുമായി ബന്ധപ്പെട്ട് മുഴുവന്‍ സമയ കൗണ്‍സിലറുടെ സേവനം ഉറപ്പു വരുത്തി. എല്ലാ ഗര്‍ഭിണികള്‍ക്കും ഗര്‍ഭകാലത്തും കുഞ്ഞ് ജനിച്ച ശേഷവും മുലയൂട്ടലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സഹായകമായി ആസ്റ്റര്‍ ബ്രെസ്റ്റ് ഫീഡിംഗ് സപ്പോര്‍ട്ട് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മുലയൂട്ടലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള അവസരമാണിത്. ജീവനക്കാര്‍ക്കും മുലയൂട്ടലുമായി ബന്ധപ്പെട്ട് പതിവായി ബോധവല്‍ക്കരണ ക്ലാസുകളും നല്‍കുന്നുണ്ട്. ഇതിന് പുറമേ നിയോനാറ്റോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, പ്രസവ ചികിത്സ വിദഗ്ധര്‍, മറ്റ് വിദഗ്ധര്‍, സ്റ്റാഫ് നഴ്‌സുമാര്‍ തുടങ്ങിയവരുടെ സേവനങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.